
ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട് വര്‍ദ്ധന്‍. ‘ബാബറി തകര്‍ത്തവകരെ വെറുതെ വിടുന്ന ഹിന്ദുരാഷ്ട്രത്തില്‍ നീതി നശിച്ചില്ലാതാകുന്നു’ എന്നാണ് ഫേസ്ബുക്കില്‍ ആനന്ദ് പട്‌വര്‍ദ്ധന്‍ എഴുതിയത്.
കര്‍സേവകര്‍ അയോധ്യയിലെത്തി ബാബറി മസ്ജിദ് തകര്‍ത്തതും അതിന് മുന്‍പ് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രയുമെല്ലാം പ്രതിപാദിക്കുന്ന രാം കേ നാം എന്ന ഡോക്യുമെന്ററിയുടെ സംവിധായകനാണ് ഇദ്ദേഹം.
1990ല്‍, ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് മുമ്പാണ്, ‘രാം കേ നാമി’ന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത്.
ഹിന്ദു ദേവനായ രാമന്‍റെ ജന്മസ്ഥലത്താണ് ബാബറി മസ്ജിദ് സ്ഥാപിച്ചതെന്ന ചര്‍ച്ച ആളിക്കത്തിച്ചത് രാഷ്ട്രീയമാണെന്ന് ഇദ്ദേഹം ചിത്രത്തില്‍ പറയുന്നു. കോളനി ഭരണകാലത്ത് ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും ഭിന്നിപ്പിക്കാനായി ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ചതാണ് ഈ വാദം. 1949ലാണ് അയോധ്യ മേഖലയിലെ സമാധാനാന്തരീക്ഷം ആദ്യമായി തകരുന്നത്. പള്ളിയില്‍ ഹിന്ദുക്കളെ കണ്ടതിനെ തുടര്‍ന്നായിരുന്നു അത്. തുടര്‍ന്ന് ആ പ്രദേശം തര്‍ക്കപ്രദേശമായി മാറുകയായിരുന്നെന്നും ഡോക്യുമെന്ററിയില്‍ പറയുന്നു.

രാം കേ നാം നിരോധിക്കണമെന്ന് ഹിന്ദുത്വ സംഘടനകള്‍ പലതവണ ആവശ്യമുയര്‍ത്തിയിരുന്നു. ചിത്രത്തിന്‍റെ പ്രദര്‍ശനം പല സ്ഥലങ്ങളിലും ഈ സംഘടനകള്‍ തടയുകയും ചെയ്തിരുന്നു. അതേസമയം ബാബറി വിധിക്കെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. ബാബറി മസ്ജിദ് സ്വയം തകര്‍ന്നു വീഴുകയായിരുന്നു എന്നായിരുന്നു ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ പ്രതികരിച്ചത്.
