അസാധാരണ വാര്‍ത്താ സമ്മേളനം; കെ.കെ രാഗേഷിന് എതിരെ ഗവര്‍ണര്‍, മുഖ്യമന്ത്രിക്ക് എതിരെയും ഗുരുതര ആരോപണം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing അസാധാരണ വാര്‍ത്താ സമ്മേളനം; കെ.കെ രാഗേഷിന് എതിരെ ഗവര്‍ണര്‍, മുഖ്യമന്ത്രിക്ക് എതിരെയും ഗുരുതര ആരോപണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുകള്‍ പുറത്തുവിടാന്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിളിച്ചു ചേര്‍ത്ത അസാധാരണ വാര്‍ത്താസമ്മേളനം. ചീഫ് സെക്രട്ടറിയെ കളത്തിലിക്കി സര്‍ക്കാര്‍ അവസാന നിമിഷം ചില ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ നടത്തിയെങ്കിലും അത് ഫലവത്തായില്ല.

ചരിത്രകോണ്‍ഗ്രസ് വേദിയില്‍ തനിക്കെതിരെ നടന്ന ആക്രമണത്തിൻ്റെ പി.ആര്‍.ഡി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടാണ് ഗവര്‍ണര്‍ സംസാരിച്ചു തുടങ്ങിയത്. പൊലീസിനെ അന്ന് തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കുന്ന കെ.കെ രാഗേഷാണെന്നും വേദിയില്‍ നിന്ന് ഇറങ്ങി വന്നാണ് രാഗേഷ് പൊലീസിനെ തടഞ്ഞതെന്നും ഗവര്‍ണര്‍ പറഞ്ഞു.

പ്രൈവറ്റ് സെക്രട്ടറിസ്ഥാനം ഇതിനുള്ള പ്രതിഫലമാണോ എന്നും അദ്ദേഹം ചോദിച്ചു. ഗവര്‍ണറെ തടഞ്ഞാല്‍ ഏഴുവര്‍ഷം തടവും പിഴയുമാണ് ശിക്ഷയെന്നും ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പലപ്പോഴായി അയച്ച മൂന്നുകത്തുകളും ഗവര്‍ണര്‍ പുറത്തുവിട്ടു. കണ്ണൂര്‍ വി.സി പുനര്‍ നിയമനത്തില്‍ മുഖ്യമന്ത്രി രാജ്ഭവനില്‍ നേരിട്ടെത്തി ആവശ്യപ്പെട്ടു എന്ന ഗുരുതര ആരോപണവും ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു. കെ.ടി ജലീല്‍ എം.എല്‍.എയുടെ കാശ്മീരിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയെക്കുറിച്ചും പി ജയരാജന്റെ വിമാനയാത്രാ വിലക്കിനെക്കുറിച്ചും വാര്‍ത്താ സമ്മേളത്തില്‍ ഗവര്‍ണര്‍ പരാമര്‍ശിച്ചു.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ തികച്ചും അസാധാരണ നീക്കങ്ങളാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ഗവര്‍ണര്‍മാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടുന്ന നടപടി കേരളത്തില്‍ മാത്രമല്ല, രാജ്യത്തു തന്നെ അസാധാരണമാണ്. ഇതുവരെ പൊതുചടങ്ങുകളിലോ വിമാന താവളങ്ങളിലോ വച്ച്‌ മാധ്യമങ്ങളോട് പ്രതികരിക്കുന്ന രീതിയാണ് ഗവര്‍ണര്‍ തുടര്‍ന്നുവന്നത്. വാര്‍ത്താ സമ്മേളനം വിളിച്ചതോടെ അദ്ദേഹം കടുത്ത നടപടികളിലേക്ക് നീങ്ങുന്നു എന്ന സൂചന ലഭിച്ചിരുന്നു.

0Shares