പ്രതികള്‍ക്കെല്ലാം ക്രിമിനല്‍ പശ്‌ചാത്തലം; വീടുമായി അത്ര ബന്ധമില്ല, യുവാക്കൾ നിരവധി കേസുകളിലെ പ്രതികൾ

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing പ്രതികള്‍ക്കെല്ലാം ക്രിമിനല്‍ പശ്‌ചാത്തലം; വീടുമായി അത്ര ബന്ധമില്ല, യുവാക്കൾ നിരവധി കേസുകളിലെ പ്രതികൾ

കോഴിക്കോട്‌ / പാലക്കാട്‌ / തിരൂര്‍: കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ സിദ്ധിഖിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ വല്ലപ്പുഴ സ്വദേശികളായ ഷിബിലിനും (22), ആഷിഖിനും (23) നാടും വീടുമായി വലിയ ബന്ധമില്ലെന്നാണ് വിവരം. ഇരുവരും നിരവധി കേസുകളിലെ പ്രതികളാണ്.

പട്ടാമ്പി പോലീസ്‌ സ്‌റ്റേഷനിലെ റൗഡി ലിസ്‌റ്റില്‍ ഉള്‍പ്പെട്ട ആഷിഖിനെതിരെ 107 സി.ആര്‍.പി.സി പ്രകാരം ഒറ്റപ്പാലം സബ്‌ കലക്‌ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. തൃത്താലയിലും ഇയാള്‍ക്കെതിരേ കേസുണ്ട്‌. വല്ലപ്പുഴയിലെ മേച്ചരിയിലാണ്‌ താമസം. ഉമ്മയും സഹോദരനുമാണ്‌ വീട്ടിലുളളത്‌. തോന്നിയ പോലെ ജീവിക്കുന്ന ആഷിഖുമായി വലിയ അടുപ്പമില്ലെന്ന്‌ സഹോദരന്‍ വ്യക്‌താക്കി. കഴിഞ്ഞ ദിവസം രാവിലെയാണ്‌ ആഷിഖ്‌ വീട്ടില്‍ നിന്നു പോയതെന്ന്‌ മാതാവ്‌ പറഞ്ഞു. പിന്നീട്‌ ഫോണ്‍ ഓഫായി. ഷിബില്‍, ഫര്‍ഹാന എന്നീ സുഹൃത്തുകള്‍ ഉളളതായി അറിയില്ല. കൊലപാതകം നടന്ന ദിവസം മകന്‍ വീട്ടിലുളളതായി ഓര്‍ക്കുന്നില്ലെന്നും വീട്ടുകാര്‍ സൂചിപ്പിച്ചു.

വല്ലപ്പുഴ ചെറുകോട്‌ സ്വദേശിയാണ്‌ ഷിബില്‍. വഴിയരികില്‍ വച്ചു പീഡിപ്പിച്ചെന്ന ഫര്‍ഹാനയുടെ പരാതിയില്‍ അറസ്‌റ്റിലായ ഷിബില്‍ ആലത്തൂര്‍ സബ്‌ ജയിലില്‍ റിമാണ്ടില്‍ കഴിഞ്ഞിരുന്നു. 2018ലാണ്‌ കേസിനാസ്‌പദമായ സംഭവമെങ്കിലും മൂന്നുവര്‍ഷം കഴിഞ്ഞാണ്‌ ഫര്‍ഹാന പരാതിയുമായി ചെര്‍പ്പുളശ്ശേരി പോലീസിനെ സമീപിച്ചത്‌. ജാമ്യത്തിലിറങ്ങിയ ശേഷം ഇവര്‍ തമ്മില്‍ സൗഹൃദത്തിലായി. പിന്നീട്‌ ഷിബിലിൻ്റെ നിര്‍ദേശ പ്രകാരമായി ഫര്‍ഹാനയുടെ ജീവിതം. കഴിഞ്ഞയാഴ്‌ച വിദേശത്തേക്ക്‌ പോകാനിരുന്ന ഫര്‍ഹാന യാത്ര മാറ്റിവച്ചതും ഷിബില്‍ പറഞ്ഞിട്ടാണെന്ന്‌ വീട്ടുകാര്‍ പറയുന്നു. ഫര്‍ഹാനയെ കാണാനില്ലെന്ന് പറഞ്ഞ്‌ 23ന്‌ വീട്ടുകാര്‍ ചെര്‍പ്പുളശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ ഉറങ്ങിക്കിടന്ന മകളെ കാണാതായെന്നായിരുന്നു പരാതി.

കൊല്ലപ്പെട്ട സിദ്ദിഖ്‌ സാമൂഹിക സന്നദ്ധ മേഖലകളിലടക്കം സജീവ പിന്തുണ നല്‍കിയിരുന്നു. ഏറെനാള്‍ പ്രവാസജീവിതം നയിച്ചിരുന്ന സിദ്ദിഖ്‌ അഞ്ച്‌ വര്‍ഷം മുമ്പാണ്‌ നാട്ടില്‍ സ്‌ഥിരതാമസമാക്കിയത്‌. വീട്‌ വിട്ടിറങ്ങിയാല്‍ ദിവസങ്ങള്‍ കഴിഞ്ഞാണ്‌ പലപ്പോഴും തിരിച്ചെത്തിയിരുന്നത്‌. സ്വന്തം ഹോട്ടലിന്‌ മുകളിലുള്ള മുറിയിലും ഇടയ്‌ക്കു താമസിക്കാറുണ്ടായിരുന്നു.

പെരിന്തല്‍മണ്ണയടക്കമുള്ള എ.ടി.എമ്മുകളില്‍ നിന്ന്‌ വലിയ തുകകള്‍ തുടരെത്തുടരെ പിന്‍വലിച്ചതിൻ്റെ അറിയിപ്പ്‌ ലഭിച്ചത്‌ സിദ്ദിഖിൻ്റെ മകൻ്റെ ഫോണിലേക്കാണ്‌. തുടര്‍ന്ന്‌ സിദ്ദിഖിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. ഇതോടെയാണ്‌ മകന്‍ പോലീസില്‍ പരാതി നല്‍കിയത്‌. തുടര്‍ന്നുള്ള അന്വേഷണം എത്തിനിന്നത്‌ എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ മുറിയില്‍ അരങ്ങേറിയ നിഷ്‌ഠുര കൊലപാതകത്തിലാണ്‌.

സിദ്ദിഖിൻ്റെ മരണ വാര്‍ത്ത നാടിനെ ഒന്നടങ്കം നടുക്കി. നാട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു സിദ്ദിഖ്‌. അതിദാരുണമായി കൊല്ലപ്പെട്ടുവെന്ന വിവരം നാട്ടുകാര്‍ക്ക്‌ ഇനിയും ഉള്‍കൊള്ളാനായിട്ടില്ല.

സിദ്ദിഖിൻ്റെ കൊലപാതകക്കേസില്‍ പിടിയിലായ ഷിബിലി 15 ദിവസം മുമ്പാണ്‌ ഒളവണ്ണയിലെ സിദ്ദിഖിൻ്റെ ചിക്ക്‌ ബേക്ക്‌ ഹോട്ടലില്‍ ജോലിയില്‍ പ്രവേശിച്ചത്‌. ഹോട്ടലില്‍ എത്തുന്നവരോടുള്ള മോശമായ സംസാരവും പെരുമാറ്റവും ഇഷ്‌ടപ്പെടാത്തത് കൊണ്ടാണ്‌ ഷിബിലിയെ ജോലിയില്‍ നിന്ന്‌ ഒഴിവാക്കിയത്‌. എന്നിട്ടും രണ്ടുമൂന്ന് ദിവസം ഷിബിലി മുറിയിലിരുന്നു. സിദ്ദിഖ്‌ വീട്ടില്‍ പോയി വ്യാഴാഴ്‌ച വന്ന ശേഷം ഷിബിലിയുടെ ശമ്പളം തീര്‍ത്ത്‌ ഒഴിവാക്കി. തുടര്‍ന്ന്‌ ഉച്ച കഴിഞ്ഞ്‌ മൂന്ന് മണിയോടെയാണ്‌ ഉടന്‍ വരാമെന്ന്‌ പറഞ്ഞാണ് സിദ്ദിഖ്‌ ഹോട്ടലില്‍ നിന്നു പോയത്.

0Shares