ആലപ്പുഴ ഇരട്ടക്കൊലപാതകം; മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിൽ, സംസ്ഥാനം വിട്ടെന്ന് എ.ഡി.ജി.പി; അന്വേഷണം തുടരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ആലപ്പുഴ ഇരട്ടക്കൊലപാതകം; മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിൽ, സംസ്ഥാനം വിട്ടെന്ന് എ.ഡി.ജി.പി; അന്വേഷണം തുടരുന്നു

ആലപ്പുഴ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികൾ സംസ്ഥാനം വിട്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണ സംഘം പ്രതികളുടെ പിന്നാലെ തന്നെയുണ്ടെന്നും അദ്ദേഹം അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തുന്നത്. രണ്ട് സംഘങ്ങളുടേയും ഒളിസങ്കേതങ്ങൾ പിന്തുടർന്ന് റെയ്ഡും നടത്തുന്നുണ്ട്.

ഗൂഢാലോചന സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരം പുറത്തുവിടാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത അഖിലാണ് എസ്.ഡി.പി.ഐ നേതാവ് ഷാനിൻ്റെ കൊലപാതകത്തിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതെന്നും ഒരു ആംബുലൻസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ആലപ്പുഴയിൽ ബി.ജെ.പിയുടെ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തുന്നത്. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം.

ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് ഞായറാഴ്ച പുലർച്ചെയാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.

0Shares