അൽ ഖായിദ ഭീകരവാദികളെ അറസ്റ്റ് ചെയ്തത് കേരള പോലീസ്; യാക്കൂബ് വിശ്വാസ് അടിമാലിയിൽ ഉണ്ടായിരുന്നതായി വിവരം

  • Post category:news
  • Reading time:1 min read
You are currently viewing അൽ ഖായിദ ഭീകരവാദികളെ അറസ്റ്റ് ചെയ്തത് കേരള പോലീസ്; യാക്കൂബ് വിശ്വാസ് അടിമാലിയിൽ ഉണ്ടായിരുന്നതായി വിവരം

എൻ.ഐ.എ കസ്റ്റഡിയിലുള്ള മൂന്ന് ഭീകരവാദികൾ കഴിഞ്ഞ കുറേക്കാലമായി കേരളത്തിൽ ഉണ്ടായിരുന്നതായി സൂചന. കേരളത്തിൽ നിന്നും ബംഗാൾ സ്വദേശികളെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കൊച്ചിയിൽനിന്ന് പിടിയിലായ അൽ ഖായിദ ഭീകരൻ യാക്കൂബ് ബിശ്വാസ് ഇടുക്കിയിലെ അടിമാലിയിൽ ജോലി ചെയ്തിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

അടിമാലിയിൽ പെരുമ്പാവൂർ സ്വദേശിയായ ആൾ നടത്തിയ ചപ്പാത്തിക്കടയിലായിരുന്നു യാക്കൂബ് വിശ്വാസ് ജോലി ചെയ്തത്. ഏഴ് മാസം മാത്രമാണ് ഈ ചപ്പാത്തി കട അടിമാലിയിൽ പ്രവർത്തിച്ചത്. പിന്നീട് ഇത് അടച്ചു പൂട്ടി. ചപ്പാത്തിക്കടയുടെ ഉടമയെ കേന്ദ്രീകരിച്ച് പോലീസ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെരുമ്പാവൂരിൽ നിന്നും പോലീസ് പിടികൂടിയ മൊഷറഫ് ഹുസൈൻ എന്നയാൾ കഴിഞ്ഞ ഏഴ് വർഷമായി കൊച്ചിയിലുണ്ട് എന്നാണ് ഇയാളെ പരിചയമുള്ളവർ പറയുന്നത്. പെരുമ്പാവൂരിലെത്തിയ അന്ന് മുതൽ ഒരു തുണിക്കടയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. കുടുംബസമേതം പെരുമ്പാവൂരിൽ താമസിച്ചിരുന്ന ഇയാളുടെ കൂടെ ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നു. പെരുമ്പാവൂർ നടക്കല്ലിലാണ് ഇയാൾ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.

കളമശ്ശേരിക്ക് അടുത്ത പാതാളത്ത് നിന്നും പിടിയിലായ മുർഷിദ് രണ്ട് മാസം മുൻപാണ് ഇവിടെ താമസിക്കാനെത്തിയത് എന്നാണ് കെട്ടിട ഉടമ പറയുന്നത്. ആധാർ അടക്കം തിരിച്ചറിയൽ രേഖ നൽകിയാണ് ഇയാൾ ഇവിടെ കേറിപ്പറ്റിയത്. ഇയാളിൽ നിന്നും ഒരു ലാപ്പ് ടോപ്പും രണ്ട് മൊബൈലും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം മൂന്ന് തീവ്രവാദികളേയും എൻ.ഐ.എ അറസ്റ്റ് ചെയ്തതല്ലെന്നും ലോക്കൽ പോലീസ് പിടികൂടി കൈമാറുകയായിരുന്നുവെന്നുമാണ് വിവരം. എൻ.ഐ.എയുടെ ആവശ്യപ്രകാരമാണ് പോലീസ് മൂന്ന് പേരേയും താമസസ്ഥലത്ത് നിന്നും പിടികൂടിയത്. മൂന്ന് പേരുടേയും വിശദാംശങ്ങൾ എൻ.ഐ.എ പോലീസിന് കൈമാറിയില്ല. രണ്ട് പേരെ പെരുമ്പാവൂർ പോലീസ് പിടികൂടിയപ്പോൾ ഒരാളെ ചേരാനെല്ലൂർ പോലീസാണ് അറസ്റ്റ് ചെയ്തത്.

ബംഗാളിൽ നിന്നും ആറ് പേരേയും കേരളത്തിൽ നിന്നും മൂന്ന് പേരേയും അറസ്റ്റ് ചെയ്തുവെന്നാണ് ഇന്ന് രാവിലെ പുറത്തു വിട്ട വാർത്താക്കുറിപ്പിൽ എൻഐഎ പറയുന്നത്. ഇവരിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തതായും എൻഐഎ വാർത്താക്കുറിപ്പിലുണ്ട്. എന്നാൽ കേരളത്തിൽ പിടിയിലായ മൂന്ന് പേരുടെ കൈവശവും ആയുധങ്ങളൊന്നും തന്നെയില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.

0Shares