എ.ഐ ക്യാമറ പണി തുടങ്ങി; പിഴ ഈടാക്കുക ഏഴ് കുറ്റങ്ങള്‍ക്ക്‌, നാല് വയസിന് മുകളിലുള്ളവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing എ.ഐ ക്യാമറ പണി തുടങ്ങി; പിഴ ഈടാക്കുക ഏഴ് കുറ്റങ്ങള്‍ക്ക്‌, നാല് വയസിന് മുകളിലുള്ളവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ എ.ഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. തിങ്കളാഴ്‌ച രാവിലെ എട്ട് മണിമുതലാണ് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാൻ ആരംഭിച്ചത്. സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളില്‍ 692 എണ്ണമാണ് പിഴ ഈടാക്കുന്നത്. ഞായറാഴ്‌ച വൈകിട്ട് ആറോടെ ക്യാമറകളുടെ ട്യൂണിംഗ് പൂര്‍ത്തിയായിരുന്നു. ക്യാമറകള്‍ 24 മണിക്കൂറും പ്രവ‌ര്‍ത്തിക്കും.

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താൻ എ.ഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഇരുചക്ര വാഹനങ്ങളില്‍ മൂന്നാമത്തെയാളായി 12 വയസിന് താഴെയുള്ളവരെ കൊണ്ടുപോയാല്‍ തല്‍ക്കാലം പിഴ ഈടാക്കില്ല. നാലു വയസിന് മുകളിലുള്ളവര്‍ ഹെല്‍മറ്റ് ധരിക്കണം.

കുട്ടികള്‍ക്ക് ഇരുചക്രവാഹന യാത്ര അനുവദിക്കാൻ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ കത്തിന് കേന്ദ്രത്തിൻ്റെ മറുപടി കിട്ടുന്നതുവരെയാണ് സാവകാശം.

ക്യാമറകള്‍ ഉള്ള സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. റോഡ് ക്യാമറയുടെ പിഴയീടാക്കല്‍ ഓഡിറ്റിംഗിന് വിധേയമാണെന്നും പിഴയില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി ആൻ്റെണി രാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കേന്ദ്രമാനദണ്ഡം അനുസരിച്ച്‌ ഒഴിവാക്കിയിട്ടുള്ള എമര്‍ജൻസി സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവ്.

അപ്പീല്‍ നല്‍കാം

പിഴയ്‌ക്കെതിരെ ജില്ലാ എൻഫോഴ്‌സ്‌മെണ്ട് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം. ചെലാൻ ലഭിച്ച്‌ 14 ദിവസത്തിനകം നല്‍കണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എൻഫോഴ്‌സ്‌മെണ്ട് ആര്‍.ടി.ഒയ്ക്കാണ് നല്‍കേണ്ടത്. ഇതിന് ശേഷമാണ് പിഴയൊടുക്കേണ്ടത്. അപ്പീല്‍ നല്‍കുന്നതിന് രണ്ടുമാസത്തിനുള്ളില്‍ ഓണ്‍ലൈൻ സംവിധാനവും ഒരുങ്ങും.

ദിവസവും 25,000 നോട്ടിസ് വീതമാകും അയയ്ക്കുക. പിന്നീട് സാഹചര്യം വിലയിരുത്തി പരിഷ്‌കരിക്കും. തപാല്‍ വഴിയാകും നിയമലംഘനം അറിയിക്കുക. സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്‌ത ഒന്നരക്കോടിയോളം വാഹനങ്ങളില്‍ 70 ലക്ഷത്തിലധികം വാഹനങ്ങളുടെ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐ.ഡി തുടങ്ങിയവ മോട്ടര്‍ വാഹനവകുപ്പിൻ്റെ പോര്‍ട്ടലില്‍ ഇല്ലാത്തത് കൊണ്ടാണ് എസ്.എം.എസ് അയയ്ക്കാനാകാത്തത്.

ഏഴ് കുറ്റങ്ങള്‍ക്ക് പിഴ

1.ഹെല്‍മെറ്റ് ധരിക്കാതിരിക്കല്‍ (₹500)

2.സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ (₹500)

3.മൊബൈല്‍ ഫോണ്‍ ഉപയോഗം (₹ 2000)

4.റെഡ് സിഗ്‌നല്‍ മുറിച്ചു കടക്കല്‍ (₹1000)

5.ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേരുടെ യാത്ര (₹1000)

  1. അമിതവേഗം (₹1500)

7.അപകടകരമായ പാര്‍ക്കിംഗ്‌ (₹250)

0Shares