
തിരുവനന്തപുരം: മന്ത്രിസഭയിലെ മാറ്റത്തിന് മുന്നോടിയായി മന്ത്രിമാരായ ആൻ്റെണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവച്ചു. എൽ.ഡി.എഫ് യോഗത്തിന് മുമ്പായാണ് ഇരുവരും മുഖ്യമന്ത്രിയെ കണ്ട് രാജി കത്ത് കൈമാറിയത്. നിലവിൽ തുറമുഖ മ്യൂസിയം പുരാവസ്‌തു വകുപ്പ് മന്ത്രിയാണ് അഹമ്മദ് ദേവർകോവിൽ. ആൻ്റെണി രാജു ഗതാഗത വകുപ്പ് മന്ത്രിയും.
നേരത്തെ നിശ്ചയിച്ച ധാരണ പ്രകാരം ഇരുവർക്കും പകരമായി കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. പുതിയ മന്ത്രിമാരുടെ 29ന് സത്യപ്രതിജ്ഞ ചെയ്യും.

രാജി നൽകിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. തൻ്റെ രണ്ടര വർഷത്തെ പ്രവർത്തനം ജനങ്ങൾ വിലയിരുത്തട്ടെ എന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പൂർണ സംതൃപ്‌തിയോടെ ആണ് പടിയിറങ്ങുന്നത്. തന്നെ മന്ത്രി ആക്കിയത് എൽ.ഡി.എഫ് ആണ്. എൽ.ഡി.എഫ് തീരുമാനം അംഗീകരിക്കും.
കെ.എസ്.ആർ.ടി.സിയിൽ മുഴുവൻ ശമ്പളവും നൽകിയിട്ടാണ് ഇറങ്ങുന്നതെന്ന് ആൻ്റെണി രാജു പ്രതികരിച്ചു. ഒരു രൂപ പോലും കുടിശികയില്ലെന്നും ആൻ്റെണി രാജു പറഞ്ഞു. ഉയർന്ന് വന്ന വിമർശനങ്ങൾ എല്ലാം താനിരുന്ന കസേരയോട് ആയിരുന്നെന്ന് മനസിലാക്കുന്നെന്നും ഒന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
