
അഫ്ഗാൻ തലസ്ഥാനമായ കാബൂളിന്‍റെ തൊട്ടടുത്ത് താലിബാൻ എത്തിയതിന് പിന്നാലെ അഫ്ഗാൻ സർക്കാർ രാജി വെക്കാന്‍ ഒരുങ്ങുന്നു. ഇടക്കാല സർക്കാരിന് അധികാരം നൽകുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. അതേസമയം അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ആലോചനയെന്ന് റഷ്യ.
യുഎൻ രക്ഷാസമിതി യോഗം ഉടനെന്നും സൂചനയുണ്ട്. സംഘർഷത്തിന് മുതിരരുതെന്നും ആരും പലായനം ചെയ്യരുതെന്നും താലിബാൻ വ്യക്തമാക്കി. ജലാലാബാദ്, മസാരേ ശരീഫ് നഗരങ്ങൾ പിടിച്ച താലിബാൻ കാബൂളിലേക്കുള്ള പാതകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. മിക്കയിടത്തും ഏറ്റുമുട്ടലിന് നിൽക്കാതെ അഫ്ഗാൻ സൈന്യം പിന്മാറുകയാണ്.

യു.എസ് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിച്ചു തീരും വരെ കാബൂളിൽ പ്രവേശിക്കരുത് എന്നാണ് അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കൻ പൗരന്മാർക്ക് നേരെ ആക്രമണം ഉണ്ടായാൽ തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ തന്നെ മുന്നറിയിപ്പ് നൽകി.
പ്രത്യേക വിമാനങ്ങളിൽ ഉദ്യോഗസ്ഥരെ മിന്നൽ വേഗത്തിൽ ഒഴിപ്പിക്കുകയാണ് അമേരിക്കയും ബ്രിട്ടനും. നിലവിൽ 34 ൽ 18 പ്രവിശ്യകളും താലിബാന്‍റെ നിയന്ത്രണത്തിലാണ്. കാബൂളിനു സമീപമുള്ള മൈതാൻ ഷർ അടക്കം വിവിധ പട്ടണങ്ങളിൽ ഏറ്റുമുട്ടൽ തുടരുന്നു.
