
കാസർകോട്: അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഓലാട്ട്, കാന്തലോട്ട് തെക്കു-വടക്ക് കോളനികളുടെ നവീകരണത്തിനായി രണ്ടു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.രാജഗോപാലന്‍ എം.എല്‍.എ അറിയിച്ചു. കോളനികളുടെ നിര്‍മ്മാണ ചുമതല ജില്ലാ നിര്‍മിതി കേന്ദ്രത്തിന് നല്‍കിക്കൊണ്ടും, തെരഞ്ഞെടുത്ത കോളനികള്‍ക്ക് അനുവദിച്ച തുകയുടെ 20 ശതമാനം തുകയായ 20 ലക്ഷം രൂപ വീതം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി മൊബിലൈസേഷന്‍ അഡ്വാന്‍സ് അനുവദിക്കുന്നതിനായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് അലോട്‌മെന്റ് നല്‍കികൊണ്ടും സര്‍ക്കാര്‍ ഉത്തരവായി.

കോളനികളിലേക്ക് ഉള്ള റോഡ്, നടപ്പാത, ഡ്രെയിനേജ്, ഇന്റര്‍നെറ്റ് കണക്ടിവിറ്റി സൗകര്യങ്ങള്‍, കുടിവെള്ളത്തിനും ജലസേചനത്തിനുള്ള സൗകര്യങ്ങള്‍, കോളനികളിലെ പൊതുസ്ഥലങ്ങളിലും വീടുകളിലും ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ഭവന പുനരുദ്ധാരണം, പൊതു ആസ്തികളുടെ മെയിന്റനന്‍സ്, പൊതുവായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സംരക്ഷണഭിത്തി നിര്‍മ്മാണം, വനിതകള്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതികള്‍ എന്നിവ ഈ പദ്ധതി വഴി ഏറ്റെടുത്ത് നടത്താം.
കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും മുന്‍പ് നിര്‍മ്മിച്ച റോഡുകള്‍ മാത്രമേ പുനരുദ്ധാരണത്തിനായി ഏറ്റെടുക്കാന്‍ പാടുള്ളൂ. പദ്ധതി നിര്‍വഹണത്തിനായി സ്ഥലം വിട്ടു കിട്ടേണ്ട പ്രവര്‍ത്തികള്‍ ഉണ്ടെങ്കില്‍.ബന്ധപ്പെട്ട രേഖകള്‍ ലഭ്യമായ ശേഷം മാത്രമേ പ്രവര്‍ത്തികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ.
ഇതിൻ്റെ പ്രോജക്ടും, വിശദമായ എസ്റ്റിമേറ്റും, എസ്റ്റിമേറ്റ് റിപ്പോര്‍ട്ടും ജില്ലാ ഓഫീസര്‍ ശുപാര്‍ശ ചെയ്ത് പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കണം. ഡയറക്ടര്‍ അംഗീകാരം നല്‍കുന്ന മുറയ്ക്ക് പദ്ധതി അന്തിമമാക്കും. പദ്ധതി നിര്‍വഹണ ചുമതല ഏറ്റെടുത്ത തീയതിമുതല്‍ ഒരുമാസത്തിനകം എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി ലഭ്യമാക്കണം. പരമാവധി പത്ത് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ടെന്നും എം.എല്‍.എ അറിയിച്ചു.
