
യു.പിയിലെ റായ്ബറേലിയില്‍ തനിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും നിലവിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ അദിതി സിങ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കി അഭിമുഖത്തിലാണ് അദിതി സിങ് പ്രിയങ്ക ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ചത്.
2017ലാണ് അദിഥി സിംഗ് കോണ്‍ഗ്രസ് സീറ്റില്‍ ആദ്യമായി യു.പി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അദിതി ബി.ജെ.പിയില്‍ ചേര്‍ന്നത്. റായ്ബറേലിയുടെ ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം കോണ്‍ഗ്രസ് അംഗത്വവും എം.എല്‍.എ പദവിയും രാജിവെക്കുന്നതായി കഴിഞ്ഞദിവസം അദിതി അറിയിച്ചിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്ന റായ്ബറേലി ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് റായ്ബറേലി നിയമസഭാ സീറ്റ്. എന്തുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ റായ്ബറേലിയിലെയും രാഹുല്‍ ഗാന്ധിയുടെ പഴയ മണ്ഡലമായ അമേത്തിയിലെയും ആളുകളെ നിസ്സാരമായി എടുത്തതെന്ന് എനിക്കറിയില്ല. ഇവിടുത്തെ ജനങ്ങള്‍ മറ്റാരേക്കാളും ക്ഷമയുള്ളവരാണ്.
തിരിഞ്ഞുനോക്കിയില്ലെങ്കിലും അവര്‍ കോണ്‍ഗ്രസിന് വേണ്ടി വോട്ടുചെയ്തു. എം.പിയായ സോണിയ ഗാന്ധി പോലും മണ്ഡലം സന്ദര്‍ശിച്ചിട്ടില്ല. ഇനി വോട്ടുചോദിച്ചുവരാന്‍ അവര്‍ക്ക് നാണക്കേടുണ്ടാകും. അവിടുത്തെ ജനങ്ങള്‍ അങ്ങേയറ്റം ദേഷ്യത്തിലാണെന്നും അവര്‍ പറഞ്ഞു.
