
കൊച്ചി: മയക്കുമരുന്നു കേസുകളിലും ട്രാവല്‍ ഏജന്‍സി ആക്രമണക്കേസില്‍ പ്രതിയായുമൊക്കെ വിവാദങ്ങളുടെ നടുവില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടി അശ്വതി ബാബു. നിരവധി ആരോപണങ്ങളാണ് അശ്വതിക്കെതിരേ ഇപ്പോള്‍ ഉയരുന്നത്. എന്നാല്‍ താന്‍ ഇങ്ങനെയൊന്നും ആയിരുന്നില്ലെന്നും വിശ്വസിച്ച ആളുള്‍പ്പെടെ തന്നെ ചതിച്ചാണ് ഈ നിലയിലേക്ക് എത്തിയതെന്നും അശ്വതി പറയുന്നു. ദുരന്തങ്ങളും പീഡനങ്ങളും നിറഞ്ഞ തൻ്റെ ജീവിതത്തില്‍ കൂടെക്കൂടിയവരെല്ലാം തന്നെ ഉപയോഗിക്കുകയായിരുന്നു എന്നാണ് അശ്വതി വെളിപ്പെടുത്തുന്നത്. സ്‌നേഹത്തിന് വേണ്ടി ഇറങ്ങിപ്പുറപ്പെട്ട താന്‍ ഇങ്ങനെയായി പോകുകയായിരുന്നു എന്നും അശ്വതി പറയുന്നു.
കഴിഞ്ഞ ദിവസം എറണാകുളം സൗത്തിലെ ഒരു സ്വകാര്യ ട്രാവല്‍സ് ഓഫിസില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയതാണ് ഇപ്പോള്‍ അശ്വതിയെ വിവാദത്തിലാക്കിയിരിക്കുന്നത്. ട്രാവല്‍സ് ഉടമയുടെ പരാതിയില്‍ പോലീസെത്തി അശ്വതിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നൗഫലിനെയും അനുനയിപ്പിച്ചു വിടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ സുഹൃത്തിനെ പോലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ താന്‍ വഞ്ചിക്കപ്പെട്ടതാണെന്നും തനിക്കു കൂടി അവകാശപ്പെട്ടതാണു ട്രാവല്‍സും അതിൻ്റെ വാഹനങ്ങളുമെന്നും അശ്വതി പറയുന്നു. തനിക്ക് ഒന്നരക്കോടിയോളം രൂപ കിട്ടണമെന്നാണ് അശ്വതിയുടെ ആവശ്യം.

”എല്ലാവരും അറിയുന്ന അശ്വതി ലഹരിമരുന്നാണ്. എന്നാല്‍ ഞാന്‍ ഇതൊന്നും അടിക്കുന്ന ആളായിരുന്നില്ല. എൻ്റെ ജീവിതം എല്ലാവരും കൂടി തകര്‍ത്തു. എന്നെ മിസ് യൂസ് ചെയ്‌തതാണ്. എനിക്കു പണമല്ല വേണ്ടത്. നീതിയാണ്. അറിയുന്നവര്‍ക്കിതെല്ലാം അറിയാം. പണവും പവറും ഉപയോഗിച്ച് നമ്മളെ മോശക്കാരിയാക്കും. അതു ചെയ്യിക്കുന്നവര്‍ ശരിയാണ്. അവര്‍ കാറില്‍ നടക്കും, ട്രാവല്‍സ് മുതലാളിയാകും. അവസാനം നമ്മള്‍ കുപ്പയിലായി. അവര്‍ ബെന്‍സിലാണ് നടക്കുന്നത്.”- അശ്വതി പറയുന്നു.
അമ്മയും ആങ്ങളയും തന്നെ നല്ല രീതിയിലാണ് വളര്‍ത്തിയത്. പക്ഷേ, വീട്ടുകാരെ ഉപേക്ഷിച്ച് പതിനാറാം വയസില്‍ പ്രണയിച്ച ആള്‍ക്കൊപ്പം കൊച്ചിയിലെത്തി. എന്നാല്‍ വിവാഹം കഴിക്കാമെന്ന വാഗ്‌ദാനം വിശ്വസിച്ചു കൂടെ കൂട്ടിയ ആള്‍ തന്നെ ലഹരിക്ക് അടിമയാക്കി മറ്റുള്ളവര്‍ക്കു കൈമാറി പണമുണ്ടാക്കുകയായിരുന്നു. കെട്ടുമെന്ന് പറഞ്ഞതുകൊണ്ടാണ് എല്ലാം ചെയ്‌തത്. 16ാം വയസില്‍ കൊച്ചിയിലെത്തുമ്പോള്‍ ഒരു നേരത്തെ ഭക്ഷണവും വസ്‌ത്രവും ഉറങ്ങാന്‍ സ്‌ഥലവും മതിയായിരുന്നു.
അയല്‍വാസികളും സുഹൃത്തുക്കളുമായ രണ്ടു പേര്‍ മാറിമാറി തന്നെ കൂട്ടിക്കൊണ്ടുപോയി വില്‍ക്കുകയും പണം സ്വന്തമാക്കി ബിസിനസ് കെട്ടിപ്പടുക്കുകയും ചെയ്‌തു. ഒടുവില്‍ വിവാഹം കഴിക്കാത്തതിനെ ക്കുറിച്ചു തിരിച്ചു ചോദിച്ചു തുടങ്ങിയപ്പോള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. സമാധാനമായി ജീവിക്കാന്‍ തീരുമാനിച്ചിട്ടും വിടാതെ പിന്തുടര്‍ന്ന് ഉപദ്രവിക്കുകയാണെന്നും അശ്വതി പറയുന്നു. തൻ്റെ കൈയില്‍ വരുന്ന പണമെല്ലാം ഇവര്‍ രണ്ടുപേര്‍ക്കും ഇഷ്‌ടം പോലെ കൊടുത്തു എന്നും അശ്വതി പറയുന്നു.
ലോറി ഡ്രൈവറായിരുന്ന ഇയാള്‍ ഇത്രയേറെ സമ്പാദ്യങ്ങള്‍ ഉണ്ടാക്കിയത് തന്നെ ഉപയോഗിച്ചാണ്. താന്‍ നല്ല രീതിയില്‍ ജീവിക്കാന്‍ വേണ്ടി ഒരു അമേരിക്കക്കാരന്‍ നല്‍കിയ പണം ഇയാള്‍ക്കു നല്‍കി. ഭര്‍ത്താവായുള്ള ആളുടെ പേരില്‍ പണം കിടക്കുമ്പോള്‍ അയാള്‍ നോക്കിക്കൊള്ളുമെന്നാണണ് വിശ്വസിച്ചത്. എന്നാല്‍ അയാള്‍ ഒഴിവാക്കി. പൈസ വേണം, നമ്മളെ വേണ്ട. എറണാകുളം സൗത്തിലുള്ള ആ സ്‌ഥാപനം അമേരിക്കയിലുള്ള ആളുടെ പണം കൊണ്ടു താന്‍ അവന് ജീവിക്കാന്‍ ഉണ്ടാക്കി കൊടുത്തതാണ്. എന്നാല്‍ തൻ്റെ പേരിലല്ല അത്. ഒന്നരക്കോടി വരുന്ന സാധനങ്ങളുണ്ട്. അതു തന്ന് എന്നെ അവര്‍ക്കൊഴിവാക്കാം. അതവര്‍ തരുന്നില്ല എന്നാണ് അശ്വതി പറയുന്നത്.

ആലുവ സ്‌റ്റേഷനില്‍ തനിക്കെതിരേ അയാള്‍ പരാതി നല്‍കിയപ്പോള്‍ സി.ഐക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടതാണ്. തന്നെ ഉപദ്രവിക്കാതെ വിടാന്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. പലരും തന്നെ രക്ഷപെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ വിടുന്നില്ല. ഭര്‍ത്താവായി കണ്ടയാളാണ്. അതുകൊണ്ടു തന്നെ വിളിക്കുമ്പോള്‍ മാനസികമായി ടോര്‍ച്ചറിങ് ഉണ്ട്. ഇനിയൊരു പെണ്‍കുട്ടിക്കും ഈ അനുഭവം ഉണ്ടാകാതിരിക്കാനാണ് പോലീസില്‍ പരാതി നല്‍കിയത്. ഇവരുടെ സ്വാധീനവും പണവും കൊണ്ടു തനിക്കു നീതി ലഭിച്ചില്ലെന്ന് അശ്വതി ആരോപിക്കുന്നു.
അപ്പനായി വരുന്നവനും ചേട്ടനായി വരുന്നവനും എല്ലാവരും ഉപയോഗിച്ചു. ഇനി തനിക്കൊരു മനുഷ്യ മൃഗമായി ജീവിക്കാനാവില്ല. കല്യാണം കഴിച്ചു കുടുംബത്തോടൊപ്പം കഴിയനാം എന്നാണാഗ്രഹം. വലിയ ആഗ്രഹങ്ങളില്ല. പുറമേ ചിരിച്ചു കാണിക്കുന്നുണ്ടെങ്കിലും ജീവിതം തകര്‍ന്നു. ഉറക്കമില്ല. ആരോടു ചിരിച്ചു സംസാരിക്കണം എന്നറിയാത്തയാളായി. തന്നെക്കുറിച്ചു പറയുന്നവര്‍ പറഞ്ഞു സന്തോഷിക്കട്ടെയെന്നും അശ്വതി പറയുന്നു.
നല്ല രീതിയില്‍ ജീവിക്കാന്‍ ഒരുപാടു ശ്രമിക്കുന്നുണ്ട്. ആരും സമ്മതിക്കുന്നില്ല. ഇപ്പോള്‍ ഒരു സിനിമയുമില്ല. നീതി തേടി വരുമ്പോള്‍ ആട്ടും തുപ്പും മാത്രമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ചോദിക്കാനും പറയാനും തനിക്ക് ആരുമില്ല. കരയാനും സത്യം പറയാനുമുള്ള കഴിവുമില്ല. താന്‍ പെട്ടുപോയത് വീട്ടുകാര്‍ അറിഞ്ഞപ്പോഴേയ്‌ക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്തു ചെയ്യണമെന്നറിയാത്ത അവസ്‌ഥയിലാണ് വീട്ടുകാര്‍. പറ്റിക്കപ്പെട്ടാണ് താന്‍ ഇങ്ങനെയായതാണ്.
ഇതുവരെ ആര്‍ക്കെങ്കിലും ലഹരി കൊടുത്തെന്നു തെളിയിക്കാമെങ്കില്‍ ക്രൂശിച്ചോയെന്നും തനിക്കെതിരേ പെണ്‍വാണിഭ കേസ് ഉണ്ടാകാന്‍ കാരണം താന്‍ എപ്പോഴും അത്തരക്കാരുടെ കൂടെ ആയിരുന്നു എന്നതാണ്. വാഹനാപകടമുണ്ടായ സംഭവത്തില്‍ മദ്യപിച്ചു വണ്ടിയോടിച്ചത് അവനായിരുന്നു. ആ സമയം വണ്ടിയില്‍ ഉണ്ടായിരുന്നതുകൊണ്ട് എല്ലാവരും തന്നെ പറഞ്ഞുവെന്നും വിവാദങ്ങള്‍ വിശദീകരിച്ചു കൊണ്ട് അശ്വതി വ്യക്‌തമാക്കി.
