നടന്‍ മണിയന്‍പിള്ള രാജുവിന്‍റെ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; നടൻ പോലീസിൽ കീഴടങ്ങി; പോലീസ് വഴിവിട്ട് സഹായിക്കുന്നതായി ആരോപണം; കൂടുതൽ അറിയാം..

  • Post category:local news / news
  • Reading time:2 mins read
You are currently viewing നടന്‍ മണിയന്‍പിള്ള രാജുവിന്‍റെ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; നടൻ പോലീസിൽ കീഴടങ്ങി; പോലീസ് വഴിവിട്ട് സഹായിക്കുന്നതായി ആരോപണം; കൂടുതൽ അറിയാം..

തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജുവിന്‍റെ വാഹനമിടിച്ച് വൻ അപകടം. തിരുവനന്തപുരത്ത് രാത്രി 9:45 ഓടെയാണ് സംഭവം. എന്നാൽ രണ്ട് യുവാക്കൾ സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിൽ കാർ ഇടിച്ചാണ് അപകടം. ഇടിച്ചിട്ട കാർ നിർത്താതെ പോയതാണ് ഗുരുതര വീഴ്ച. പിന്നീട് വീട്ടിലെത്തിയ മണിയൻപിള്ള രാജു സംഭവം പോലീസിനെ വിളിച്ചറിയിച്ചു. മദ്യപിച്ചിരുന്നോ എന്നതിൽ വ്യക്തതയില്ല. രണ്ട് വർഷമായി മദ്യപിക്കാറില്ല എന്നാണ് മണിയൻപിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ നടനെ പോലീസ് വഴിവിട്ട രീതിയിൽ സഹായിക്കുന്നു എന്ന ആരോപണം ഉയർന്നു. അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ട ശേഷം ഇന്ന് രാവിലെയാണ് മറ്റൊരു വാഹനത്തിൽ മണിയൻപിള്ള രാജു പോലീസിൽ ഹാജരായത്.

സംഭവത്തില്‍ കേസെടുത്ത് മ്യൂസിയം പോലീസ്. അപകടകരമാകുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ലെന്നും വാഹനം നിർത്താതെ ഓടിച്ചുപോയി എന്നും എഫ്ഐആറില്‍ പറയുന്നു. യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ലെന്നും എഫ്ഐആറിലുണ്ട്. ജീവഹാനി സംഭവിക്കുന്ന തരത്തിൽ വാഹനം ഓടിച്ചു എന്നും പോലീസ് പറയുന്നു. 12 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയാൽ ലഹരി ഉപയോഗം കണ്ടെത്താം. വൈദ്യപരിശോധനക്ക് ശേഷമായിരിക്കും വകുപ്പുകളിൽ അന്തിമ തീരുമാനം എടുക്കുക. അതിനാൽ തന്നെ വൈദ്യ പരിശോധന പോലീസ് വൈകിപ്പിച്ചു എന്നും ആരോപണം ഉയർന്നു. മണിയൻപിള്ള രാജ്യവിൻ്റെ മെഡിക്കൽ പരിശോധന രാവിലെ പത്ത് മണിയോടെയാണ് പൂർത്തിയാക്കിയത്.

തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. ‘KL 01 CJ 04’ നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായ പരിക്കേറ്റു. വാഹനത്തിന്‍റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്ട്രേഷന്‍ രേഖ. ഇത് നടന്‍റെ യഥാര്‍ത്ഥ പേരാണെന്ന് പോലീസ് വ്യക്തമാക്കി. രാത്രി തന്നെ നടന്‍റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും ഫോണും സ്വിച്ച് ഓഫ്‌ ചെയ്ത നിലയിലുമായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. നിവേദിതിന്‍റെ കാലുകൾ ഒടിഞ്ഞു. സൂരജിൻ്റെ നട്ടെല്ലിന് പരിക്കുണ്ട്. ഒരാൾ കിംസ് ആശുപത്രിയിലും ഒരാൾ എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താന്‍ തന്നെയെന്ന് ന‌ടൻ മണിയന്‍പിള്ള രാജു മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരിക ആയിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ വാഹനത്തില്‍ പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

0Shares