
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്. മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കും. സൈലൻസർ ഇല്ലാത്ത ഇരുചക്ര വാഹനങ്ങൾ ഓടിക്കുക, രണ്ടിൽ കൂടുതൽ ആളുകളെ കയറ്റി യാത്ര ചെയ്യുക എന്നിങ്ങനെ നിയമ ലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കാൻ ആണ് പോലീസിൻ്റെ തീരുമാനം. ആൾട്ടർ ചെയ്‌ത വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല.

ബൈക്ക് സ്റ്റണ്ട് നടത്തുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളും. അനുവാദം ഇല്ലാതെ ലൈവ് ഷോകൾ നടത്താൻ പാടില്ല. എക്‌സിബിഷൻ ലൈസൻസ് ഇല്ലാതെ വെടിക്കെട്ടുകൾ നടത്തിയാൽ സംഘടകർക്ക് എതിരെ കേസെടുക്കും.
തട്ടുകടകൾ, ബാറുകൾ, ഹോട്ടലുകൾ എന്നിവ നേരത്തെ അടക്കണം. പല പ്രദേശങ്ങളിലും മഫ്‌തി പൊലീസിനെ കൂടുതൽ നിയോഗിക്കുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങൾ കണക്കിലെടുത്താണ് ചില ജില്ലകളിൽ പൊലീസിൻ്റെ മുൻകരുതൽ നിയന്ത്രണം.
