അച്ചടക്കം ലംഘിച്ചാലും ഗ്രൂപ്പ് യോഗം ചേര്‍ന്നാലും വലിപ്പച്ചെറുപ്പം നോക്കാതെ നടപടി; കോണ്‍ഗ്രസിനെ നന്നാക്കാനൊരുങ്ങി കെ. സുധാകരന്‍

  • Post category:news
  • Reading time:1 min read
You are currently viewing അച്ചടക്കം ലംഘിച്ചാലും ഗ്രൂപ്പ് യോഗം ചേര്‍ന്നാലും വലിപ്പച്ചെറുപ്പം നോക്കാതെ നടപടി; കോണ്‍ഗ്രസിനെ നന്നാക്കാനൊരുങ്ങി കെ. സുധാകരന്‍

സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പോരായ്മകള്‍ എടുത്തുപറഞ്ഞും അത് പരിഹരിക്കാനുള്ള മാര്‍ഗരേഖ വിശദീകരിച്ചും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. അച്ചടക്കം ലംഘിച്ചാലും ഗ്രൂപ്പ് യോഗം ചേര്‍ന്നാലും വലിപ്പച്ചെറുപ്പം നോക്കാതെ നപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് യൂണിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെ ചുമതലകള്‍ കൃത്യമായി വീതിച്ചു നല്‍കും.

ചുതമല നിര്‍വഹണം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കും. കാര്യക്ഷമമല്ലെങ്കില്‍ തല്‍സ്ഥാനത്ത് നിന്ന് മാറ്റും. നിശ്ചയിച്ച ലക്ഷ്യം പൂര്‍ത്തീകരിക്കാത്തവരെ തുടരാന്‍ അനുവദിക്കേണ്ടതില്ലെന്ന പൊതുവികാരമാണ് ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്നതെന്ന് സുധാകരന്‍ പറഞ്ഞു . പാര്‍ട്ടി പ്രവര്‍ത്തന രംഗത്ത് വനിതകളുടെ പ്രാതിനിധ്യം കുറവാണെന്ന ആക്ഷേപം നിലവിലുണ്ട്. ഡി.സി.സി അധ്യക്ഷ പുനഃസംഘടന മാത്രമേ നടന്നിട്ടുള്ളൂ. വിശാലമായ പുനഃസംഘടന നടക്കാനുണ്ട്.

അതിലെല്ലാം വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കും. എല്ലാ നിയോജക മണ്ഡലത്തിലും ഒരു മണ്ഡലം പ്രസിഡന്റ് പദവി വനിതക്കായി നീക്കിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം പ്രവര്‍ത്തകരുടെ അച്ചടക്കരാഹിത്യമാണ്. മറ്റേത് പാര്‍ട്ടിയേക്കാളും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസിലുണ്ട്. പക്ഷേ പാര്‍ട്ടി ഫോറത്തിനകത്താകണം.

ഫെയ്സ്ബുക്കിലും മാധ്യമങ്ങളിലും അഭിപ്രായം പറഞ്ഞ് പാര്‍ട്ടിയേയും നേതാക്കളേയും അവഹേളിച്ചാല്‍ മുഖം നോക്കാതെ നടപടിയെടുക്കാനാണ് തീരുമാനം. പാര്‍ട്ടിയിലെ എല്ലാ പ്രശ്നങ്ങളും ഇപ്പോള്‍ പരിഹരിച്ചു. വളരെ ഐക്യത്തോടെയുള്ള രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളത്. ഇതിനെ ഹനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം ഏതെങ്കിലും ഭാഗത്ത് നിന്നുണ്ടായാല്‍ അത് വലിയവരായാലും ചെറിയവരാണെങ്കിലും നടപടിയുണ്ടാകും. ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് പാര്‍ട്ടിയുടെ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഗൗരവമായ പ്രതികരണങ്ങളും നടപടിയുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

0Shares