
കാസർകോട്: ജീപ്പിൽ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ എസ്.ഐയുടെ ചെവി കടിച്ച് മുറിച്ച പ്രതി റിമാണ്ടിൽ. കാസർകോട് ടൗൺ സ്‌റ്റേഷനിലെ എസ്.ഐ വിഷ്‌ണു പ്രസാദിൻ്റെ ചെവിയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്ത പ്രതി കടിച്ചുമുറിച്ചത്.
സംഭവത്തിൽ മധൂർ അറന്തോട്ടെ സ്‌റ്റാനി റോഡ്രിഗസി (48)നെ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം വൈകിട്ട് ഉളിയത്തടുക്കയിലാണ് സംഭവം. വാറണ്ട് പ്രതിയെ പിടികൂടാൻ പോയ എസ്.ഐയും സംഘവും ഉളിയത്തടുക്കയിൽ ആൾക്കൂട്ടം കണ്ട് ജീപ്പ് നിർത്തിയിട്ടു.

മദ്യലഹരിയിലായിരുന്ന സ്‌റ്റാനി എന്നയാൾ ഓടിച്ച ബൈക്ക് വാനിൽ ഇടിച്ച് അപകടമുണ്ടായതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. പൊലീസ് കസ്‌റ്റഡിയിലെടുത്ത് ജീപ്പിൽ കൊണ്ടു പോകുന്നതിനിടെയാണ് അസഭ്യം വിളിച്ച് എസ്.ഐയുടെ ചെവി കടിച്ച് മുറിച്ചത്.
എസ്.ഐയെ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിൽ പ്ലാസ്‌റ്റിക്ക് സർജറിക്ക് വിധേയനാക്കി. കാസർകോട് കോടതിയിൽ ഹാജരാക്കിയ സ്‌റ്റാനി റോഡ്രിഗസിനെ റിമാണ്ട് ചെയ്‌തു.
