ആദ്യം ഭാര്യയുടെ ബന്ധുക്കളെ തീകൊളുത്തി; ദിവസങ്ങൾക്ക് ശേഷം വീടുകൾക്ക് തീയിട്ടു, പ്രതി തമിഴ്‌നാട് ബോഡിമെട്ടിൽ നിന്നും പോലീസ് പിടിയിൽ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ആദ്യം ഭാര്യയുടെ ബന്ധുക്കളെ തീകൊളുത്തി; ദിവസങ്ങൾക്ക് ശേഷം വീടുകൾക്ക് തീയിട്ടു, പ്രതി തമിഴ്‌നാട് ബോഡിമെട്ടിൽ നിന്നും പോലീസ് പിടിയിൽ

തൊടുപുഴ: ഇടുക്കി പൈനാവിൽ രണ്ട് വീടുകൾക്ക് തീയിട്ട പ്രതി പോലീസിൻ്റെ പിടിയിൽ. കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ ലിൻസ് എന്നിവർ താമസിക്കുന്ന വീടുകൾക്കാണ് തീയിട്ടത്. സംഭവത്തിൽ അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ രണ്ടാം ഭർത്താവ് കഞ്ഞിക്കുഴി നിരപ്പിൽ സന്തോഷ് പൊലീസ് പിടിയിലായി. രണ്ടു വീട്ടിലും ആരും ഉണ്ടായിരുന്നില്ല. അന്നക്കുട്ടിയുടെ വീട് പൂർണമായും ലിൻസിൻ്റെ വീട് ഭാഗികമായും കത്തിനശിച്ചു.

അന്നക്കുട്ടിയുടെയും ലിൻസിൻ്റെ രണ്ടര വയസ്സുള്ള മകളുടെയും ദേഹത്ത് കഴിഞ്ഞ ദിവസം സന്തോഷ്‌ പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. അന്നക്കുട്ടിക്ക് 30 ശതമാനവും കുഞ്ഞിന് 15 ശതമാനവും പൊള്ളലേറ്റിരുന്നു. ഇവർ ചികിത്സയിലാണ്. ഭാര്യയെ വിദേശത്തേക്ക് അയക്കുന്നതിലുള്ള എതിർപ്പാണ് സംഭവത്തിന് പിന്നലെന്നാണ് പൊലീസ് അറിയിച്ചത്. ഇതിൻ്റെ തുടർച്ചയാണ് പിന്നീട് അരങ്ങേറിയ സംഭവങ്ങളെന്നാണ് വിവരം.

പ്രിൻസി ഇറ്റലിയിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. ഭാര്യയെ വിദേശത്തേക്ക് അയക്കാൻ സന്തോഷിന് താൽപര്യമില്ലായിരുന്നു. ജൂൺ അഞ്ചിന് ഭാര്യവീട്ടിലെത്തിയ സന്തോഷ്, പ്രിൻസിയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു ബഹളം വച്ചെന്നും തർക്കത്തിനൊടുവിൽ ഭാര്യാ മാതാവിനെയും സഹോദരൻ്റെ മകളെയും പെട്രോൾ ഒഴിച്ചു തീ കൊളുത്തുക ആയിരുന്നെന്നും പൊലീസ് പറഞ്ഞു.

തുടർന്ന്, തൻ്റെ ആദ്യ വിവാഹത്തിലെ കുട്ടിയെ സ്‌കൂളിൽ നിന്നു വിളിച്ചു കൊണ്ടു പോയി താന്നിക്കണ്ടത്ത് സഹോദരൻ സുഗതൻ്റെ വീട്ടിലാക്കിയ ശേഷം ഫോണും ഉപേക്ഷിച്ച് സന്തോഷ് കടന്നുകളഞ്ഞു. പിന്നാലെയാണ് വീടിന് തീയിട്ടത്. യുവാവിനെ തമിഴ്‌നാട് ബോഡിമെട്ടിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ 12ദിവസമായി അന്നക്കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അന്നക്കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഈ സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ആണ് സ്ഥലത്ത് വീണ്ടുമെത്തി പ്രതി ആക്രമണം നടത്തുന്നത്.

0Shares