വന്ദേഭാരതിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന്; പ്രതി മാഹിയിൽ പിടിയിൽ, ഏറനാട് എക്സ്പ്രസിന് കല്ലെറിഞ്ഞ രണ്ടുപേരും അറസ്റ്റിൽ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വന്ദേഭാരതിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന്; പ്രതി മാഹിയിൽ പിടിയിൽ, ഏറനാട് എക്സ്പ്രസിന് കല്ലെറിഞ്ഞ രണ്ടുപേരും അറസ്റ്റിൽ

കണ്ണൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന് പിടിയിലായ ആൾ പൊലീസിനോട് പറഞ്ഞു. മാഹി സ്വദേശിയും മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ താമസക്കാരനുമായ എം.പി സൈബീസ് (32) ആണ് വന്ദേഭാരതിന് കല്ലെറിഞ്ഞ കേസിൽ ആർ.പി.എഫ് പിടികൂടിയത്.

ഫോണിൽ സംസാരിക്കുമ്പോൾ ഭാര്യയുമായി പിണങ്ങിയെന്നും, ഇതിന്‍റെ ദേഷ്യത്തിലാണ് ട്രെയിന് കല്ലെറിഞ്ഞതെന്നും ഇയാൾ പറഞ്ഞു. എന്നാൽ ഇയാൾ നൽകിയ മൊഴി ആർ.പി.എഫ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ചോദ്യം ചെയ്യൽ തുടരുമെന്ന് ആർ.പി.എഫ് അറിയിച്ചു.

തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബർ ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കല്ലേറിൽ വന്ദേഭാരത് എക്സ്പ്രസിന്‍റെ എക്സിക്യൂട്ടീവ് കോച്ചായ സി -8ലെ 23,24 സീറ്റുകളുടെ ചില്ല് തകർന്നിരുന്നു.

അതേസമയം തലശേരി റെയിൽവേ സ്റ്റേഷനിൽവെച്ച് ഏറനാട് എക്സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ട്രെയിനിലെ കച്ചവടക്കാരായ കോഴിക്കോട് കക്കോടി കൊതേരി വീട്ടിൽ ഫാസിൽ, അഴിയൂർ അലിനഗറിൽ മൊയ്‌തു എന്നിവരാണ് അറസ്റ്റിലായത്. ഇവർ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിന്‍റെ പിൻഭാഗത്തേക്ക് കല്ലെറിയുകയായിരുന്നു.

ഏറനാട് ഉൾപ്പടെയുള്ള ട്രെയിനുകളിൽ കച്ചവടം നടത്തുന്നവരാണ് ഇവർ. വടകര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഫാസിലും മൊയ്‌തുവും തമ്മിലുള്ള വാക്കുതർക്കത്തിനിടെ വലിച്ചെറിഞ്ഞ കല്ല് ട്രെയിനിൽ പതിക്കുകയായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

0Shares