അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതി അസ്‌ഫാഖിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു, വീട്ടിൽ നാടകീയ രംഗങ്ങൾ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതി അസ്‌ഫാഖിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു, വീട്ടിൽ നാടകീയ രംഗങ്ങൾ

കൊച്ചി: ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്‌ഫാഖ് ആലത്തിനെ പൊലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഞായാറാഴ്‌ച രാവിലെയാണ് പ്രതിയുമായി പൊലീസ് ആലുവ മാര്‍ക്കറ്റിലെത്തി തെളിവെടുപ്പ് നടത്തിയത്. കനത്ത സുരക്ഷയിലാണ് പ്രതിയെ എത്തിച്ചത്. ഇതിനുശേഷം പ്രതിയെ പെണ്‍കുട്ടിയുടെ വീട്ടിലും പ്രതി താമസിച്ച വീട്ടിലും എത്തിച്ച്‌ തെളിവെടുത്തു. പെണ്‍കുട്ടിയുടെ വീട്ടിൽ എത്തിച്ചപ്പോള്‍ പ്രതിക്ക്‌ നേരെ കനത്ത പ്രതിഷേധമാണ് ഉണ്ടായത്.

പ്രതിയെ എത്തിക്കുന്നത് കണ്ട് പെൺകുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് പാഞ്ഞടുത്തു. വടികൊണ്ട് പ്രതിക്ക് നേരെ പാഞ്ഞടുത്ത അമ്മയെ പൊലീസുകാരും നാട്ടുകാരും ചേർന്ന് ശ്രമപ്പെട്ടാണ് വീട്ടിനുള്ളിലേക്ക് മാറ്റിയത്. കുട്ടിക്ക് ജ്യൂസും മിഠായിയും നല്‍കിയ കടയിലും പ്രതിയെ എത്തിച്ച്‌ തെളിവെടുത്തു.

കുട്ടിയെയും കൊണ്ടുപോയ വഴികളിലൂടെ പ്രതിയുമായി പൊലീസ് സംഘം സഞ്ചരിച്ചു. വഴിയിലുള്ള കോഴിക്കടയിലും എത്തിച്ച്‌ തെളിവെടുത്തു. അവിടെ ഉണ്ടായിരുന്നയാള്‍ പ്രതി കുട്ടിയുമായി പോകുന്നത് നേരിട്ടു കണ്ടിരുന്നു. പ്രതി മദ്യം വാങ്ങിയ ബവ്‌കോ ഔട്ട്‌ലെറ്റിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ പൊലീസ് ചോദിച്ച കാര്യങ്ങൾക്കെല്ലാം പ്രതി മറുപടി നൽകി.

കൊലപാതകം നടത്തിയത് എങ്ങനെയെന്ന് പ്രതി പൊലീസിനോട് വിശദീകരിച്ചു. കൊലപാതകത്തിന് ശേഷം കൈ കഴുകിയ പൈപ്പ് പ്രതി പൊലീസിന് കാണിച്ചു കൊടുക്കുകയും ചെയ്‌തു. പ്രതിയുടെ കസ്റ്റഡി ഈ മാസം പത്തിന് അവസാനിക്കും.

കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ടോടെ പ്രതിയെ ആലുവ മാര്‍ക്കറ്റില്‍ എത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഈ സമയം കുട്ടിയുടെ ഒരു ചെരുപ്പും കീറിയ വസ്ത്രത്തിൻ്റെ ഒരുഭാഗവും പൊലീസിന് ലഭിച്ചിരുന്നു. പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയ സ്ഥലത്ത് പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ വെള്ളിയാഴ്‌ച പരിശോധന നടത്തിയിരുന്നു.

0Shares