
ബദിയടുക്ക / കാസർകോട്: മധൂര്‍ അറന്തോടിലെ സന്ദീപി(27)നെ കഴുത്തിൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതി റിമാണ്ടിൽ. പെര്‍ള കജംപാടിയിലെ ചന്ദ്രൻ്റെ മകന്‍ പവന്‍രാജിനെയാണ് ചൊവാഴ്‌ച ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഞായറാഴ്‌ച വൈകിട്ട് കജംപാടിയില്‍ നിന്നാണ് സന്ദീപിന് കുത്തേറ്റത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്‌ച രാവിലെയാണ് സന്ദീപ് മരിച്ചത്.
ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. കഴുത്തിലേറ്റ ആഴത്തിലുള്ള രണ്ട് മുറിവുകളാണ് സന്ദീപിൻ്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ബദിയടുക്ക സബ് ഇൻസ്‌പെക്ടർ കെ.പി വിനോദ് കുമാറാണ് പവന്‍രാജിനെ കസ്റ്റഡിയിലെടുത്തത്. കേസില്‍ അന്വേഷണം നടത്തുന്നത് കാസര്‍കോട് സി.ഐ അജിത് കുമാറാണ്. പവന്‍രാജിനെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു.
സന്ദീപിൻ്റെ ഇളയമ്മയുടെ മകളെ പവന്‍രാജ് നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നതിനെ ചോദ്യം ചെയ്‌തതിനാണ് സന്ദീപിനെ കൊലപ്പെടുത്തിയത്. നേരത്തെ ഇതേ പ്രശ്‌നത്തിൻ്റെ പേരില്‍ സന്ദീപും പവന്‍രാജും തമ്മില്‍ വാക്കുതര്‍ക്കം നടന്നു. അന്ന് പവന്‍രാജ് സന്ദീപിനെ ഭീഷണിപ്പെടുത്തി. സന്ദീപിൻ്റെ ഇളയമ്മയുടെ മകന്‍ ഷരുണിന് കജംപാടിയില്‍ പുതിയ വീട് നിര്‍മ്മിക്കുന്നുണ്ട്.

ഞായറാഴ്‌ച വൈകിട്ട് സന്ദീപും ഷരുണും വീട് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ബൈക്കില്‍ പോയിരുന്നു. അപ്പോഴാണ് പവന്‍രാജിനെ കണ്ടത്. ഇതോടെ സന്ദീപും പവന്‍രാജും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കത്തിൽ ഏര്‍പ്പെട്ടു. പ്രകോപിതനായ പവന്‍രാജ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സന്ദീപിൻ്റെ കഴുത്തില്‍ മാരകമായി കുത്തി. വിദഗ്‌ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സഞ്ജീവ- സുമതി ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട സന്ദീപ്.
