ചീരുംബ ഭഗവതി ക്ഷേത്രത്തിൻ്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് കവര്‍ച്ച നടത്തി; ഒരു വീട്ടില്‍ നിന്ന് 45 പവന്‍ സ്വര്‍ണം കവര്‍ന്നു, മഞ്ചേശ്വരത്ത് അടുത്ത കാലത്തായി അഞ്ചോളം കവര്‍ച്ചകള്‍

  • Post category:local news / news
  • Reading time:1 min read
You are currently viewing ചീരുംബ ഭഗവതി ക്ഷേത്രത്തിൻ്റെ              മുന്‍വശത്തെ വാതില്‍ തകര്‍ത്ത് കവര്‍ച്ച നടത്തി; ഒരു വീട്ടില്‍ നിന്ന് 45 പവന്‍ സ്വര്‍ണം കവര്‍ന്നു, മഞ്ചേശ്വരത്ത് അടുത്ത കാലത്തായി അഞ്ചോളം കവര്‍ച്ചകള്‍

മഞ്ചേശ്വരം / കാസർകോട്: പൊലീസിൻ്റെയും നാട്ടുകാരുടേയും ഉറക്കം കെടുത്തി കവര്‍ച്ചാ സംഘത്തിൻ്റെ വിളയാട്ടം തുടര്‍ക്കഥയാകുന്നു. മഞ്ചേശ്വരത്ത് വീടിൻ്റെ വാതില്‍ കുത്തിത്തുറന്ന് 45 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒന്നേക്കാല്‍ ലക്ഷം രൂപയും കവര്‍ന്നു. കുമ്പള നായിക്കാപ്പില്‍ ക്ഷേത്രത്തിൻ്റെ വാതില്‍ തകര്‍ത്ത് വിഗ്രഹവും സ്വര്‍ണ്ണമാലയും മൂന്നരക്കിലോ വെള്ളി ആഭരണ്ണങ്ങളും കവര്‍ന്നു.

മഞ്ചേശ്വരം കുന്നില്‍ റോഡരികില്‍ താമസിക്കുന്ന ഹാദി തങ്ങളുടെ വീടിൻ്റെ പിറകിലെ വശത്തെ വാതില്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. വീടിൻ്റെ താഴത്തെ നിലയിലെ മൂന്ന് അലമാരകള്‍ തുറന്നാണ് 45 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒന്നേക്കാല്‍ ലക്ഷം രൂപയും കവര്‍ന്നത്.

ഹാദി തങ്ങളും കുടുംബവും എട്ട് ദിവസം മുമ്പ് വീട് പൂട്ടി ഏര്‍വാടി ദര്‍ഗയിലേക്ക് സിയാറത്തിന് പോയിരുന്നു. വ്യാഴാഴ്‌ച വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. വീടിൻ്റെ മുകളിലത്തെ നിലയില്‍ അലമാരകള്‍ ഉണ്ടായിരുന്നെങ്കിലും കവര്‍ച്ചാ സംഘം ഇവിടെ എത്തിയില്ലെന്നാണ് സൂചന.

കുമ്പള നായിക്കാപ്പിലെ ശ്രീ ചീരുംബ ഭഗവതി നാരായണ മംഗല ക്ഷേത്രത്തിൻ്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നാണ് കവര്‍ച്ച നടത്തിയത്. വിഗ്രഹത്തിലെ പ്രഭാവലിയും അതില്‍ ചാര്‍ത്തിയ ആറ് പവന്‍ സ്വര്‍ണ്ണമാലയും മൂന്നരക്കിലോ വെള്ളിയാഭണങ്ങളുമാണ് കവര്‍ന്നത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ എട്ടോളം കവര്‍ച്ചകളാണ് നടന്നത്.

മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അടുത്ത കാലത്തായി അഞ്ചോളം കവര്‍ച്ചകള്‍ നടന്നിട്ടുണ്ട്.
മഞ്ചേശ്വരം കുന്നിലിലെ വീട്ടില്‍ നടന്ന കവര്‍ച്ച മഞ്ചേശ്വരം പൊലീസും കുമ്പള നായിക്കാപ്പിലെ ക്ഷേത്രകവര്‍ച്ച കുമ്പള പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടിടങ്ങളിലും വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

0Shares