ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തള്ളിക്കയറി; സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയില്‍ യുവാവിൻ്റെ ആത്മഹത്യാശ്രമം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തള്ളിക്കയറി; സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയില്‍ യുവാവിൻ്റെ ആത്മഹത്യാശ്രമം

തൃശൂര്‍: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി പങ്കെടുത്ത പരിപാടിക്കിടെ യുവാവിൻ്റെ ആത്മഹത്യാശ്രമം. തളിക്കുളം സ്വദേശി സുരേഷ് (43) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ശരീരമാസകലം മണ്ണെണ്ണയൊഴിച്ച്‌ എത്തിയ സുരേഷ് പരിപാടിക്കിടയിലേക്ക് തള്ളിക്കയറിയ ശേഷം സ്വയം തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു.

കൂര്‍ക്കഞ്ചേരിയില്‍ നടന്ന ‘എസ്.ജി കോഫി ടൈം’ എന്ന സംവാദ പരിപാടിക്കിടെയാണ് സംഭവമുണ്ടായത്.

പരിപാടിക്കൊടുവില്‍ സുരേഷ് ഗോപി പുറത്തേക്ക് പോകുന്നതിനിടെ സുരേഷ് ദേഹമാസകലം മണ്ണെണ്ണയൊഴിച്ചു ലൈറ്ററുമായി തള്ളിക്കയറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ലൈറ്റര്‍ തട്ടിത്തെറിപ്പിക്കുകയും ഇയാളെ പിടികൂടി പുറത്തേക്കു മാറ്റുകയും ചെയ്‌തു.

സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യാശ്രമം നടത്തിയത് എന്നാണ് സുരേഷ് പൊലീസിനോട് പറഞ്ഞത്. പരിപാടി നടക്കുന്ന സോമില്‍ റോഡിലെ കെട്ടിടം താൻ നിര്‍മിച്ചതാണെന്നും ഇതുമായി ബന്ധപ്പെട്ട കടബാധ്യതയാണ് ജീവനൊടുക്കാൻ ശ്രമിച്ചതിന് കാരണമെന്നും വ്യക്തമാക്കി. മുമ്പ് ഹോട്ടല്‍ നടത്തിയിരുന്ന ഇയാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പൊലീസ് പറഞ്ഞു.

0Shares