കഞ്ചാവ് കടത്തിലെ പ്രമുഖൻ ഓടി രക്ഷപ്പെട്ടു; കാറില്‍ കടത്തിയ 90 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റില്‍, പിടികൂടിയത് പൊലീസ് ജീപ്പുകള്‍ കാറിന് കുറുകെയിട്ട്

You are currently viewing കഞ്ചാവ് കടത്തിലെ പ്രമുഖൻ ഓടി രക്ഷപ്പെട്ടു; കാറില്‍ കടത്തിയ 90 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റില്‍, പിടികൂടിയത് പൊലീസ് ജീപ്പുകള്‍ കാറിന് കുറുകെയിട്ട്

പൈവളിഗെ / കാസർകോട്: കാറില്‍ കടത്തിയ 90 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി അറസ്റ്റിൽ. കഞ്ചാവ് കടത്തിൽ കൂടെയുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. കണ്ണൂര്‍ തേരേശേരി ഹൗസിലെ റൈഫ് ബഷീറി(31)നെയാണ് ഡി.വൈ.എസ്.പി പി.കെ സുധാകരൻ്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങളും മഞ്ചേശ്വരം പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്‌തത്.

പൊലീസിനെ കണ്ട് കൂടെ ഉണ്ടായിരുന്ന ആള്‍ കാറില്‍ നിന്നിറിങ്ങി ഓടി രക്ഷപ്പെട്ടു. കള്ളക്കടത്തിലെ പ്രമുഖനാണ് ഓടി രക്ഷപ്പെട്ടതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

കര്‍ണാടക അതിര്‍ത്തി പ്രദേശം വഴി മഞ്ചേശ്വരം ഭാഗത്തേക്ക് കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ രാത്രി പത്തരയോടെ പൈവളിഗെ ബായിക്കട്ടയില്‍ കഞ്ചാവ് കടത്തി കൊണ്ടുവന്ന കാറിനെ പൊലീസ് ജീപ്പുകള്‍ കുറുകെയിട്ട് പിടികൂടുകയായിരുന്നു.

കാര്‍ പരിശോധിച്ചപ്പോഴാണ് ബോക്‌സുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം, ഉപ്പള, കാസര്‍കോട് ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാന്‍ വേണ്ടിയാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

രക്ഷപ്പെട്ട പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി അജീഷ്, എസ്.ഐ. നിഖില്‍ എന്നിവരും കഞ്ചാവ് പിടിക്കുന്നതിന് നേതൃത്വം നല്‍കി.

0Shares