
കുറ്റിക്കോല്‍ / കാസര്‍കോട്: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹന അപകടത്തിൽ മരിച്ചത് മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനും ഭാര്യയും. സ്‌കൂട്ടര്‍ യാത്രക്കാരായ ബന്തടുക്ക, സി.എച്ച്.സിക്ക് സമീപത്തെ സുനിൽ നിവാസിൽ കെ.കെ കുഞ്ഞികൃഷ്‌ണൻ (71), അദ്ദേഹത്തിൻ്റെ ഭാര്യ ചിത്രകല (58) എന്നിവരാണ് മരിച്ചത്.
കാസർകോട് പുലിക്കുന്നിൽ കല്യാണത്തിന് വരികയായിരുന്നു ഇരുവരും. കുമ്പളയിൽ നിന്നും റാണിപുരത്തേക്ക് പോകുകയായിരുന്ന യുവാക്കൾ ഓടിച്ച കാര്‍ മഴയെ തുടര്‍ന്ന് റോഡില്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബേഡകം പൊലീസ് കാർ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്‌ച രാവിലെ കുറ്റിക്കോൽ, ബേത്തൂർപാറ, പടിമരുതിനടുത്താണ് അപകടം ഉണ്ടായത്. റോഡിൽ എതിരെ വരികയായിരുന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കാറിൻ്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡണ്ടും സംസ്ഥാന കൗൺസിൽ അംഗവുമാണ് മരിച്ച കുഞ്ഞികൃഷ്‌ണൻ. കാസർകോട്, കറന്തക്കാട് കൃഷ്‌ണൻ- രാധ ദമ്പതികളുടെ മകളും ശാന്തി ബുസ് ഉടമയായ രാജശേഖരൻ്റെ സഹോദരിയുമാണ് മരിച്ച ചിത്രകല.

സുനിൽ രാജ് (ഗൾഫ്), സുകന്യ (ഗൾഫ്) എന്നിവർ മക്കളാണ്. അനിൽ ഉദുമ, വിനുത സുള്യ മരുമക്കളാണ്.
പരേതരായ കണ്ണൻ- മാണിക്കം ദമ്പതികളുടെ മകനാണ് കുഞ്ഞികൃഷ്‌ണൻ. മാധവി, പരേതരായ അപ്പകുഞ്ഞി, നാരായണി, ശാരദ എന്നിവർ സഹോദരങ്ങളാണ്. ചന്ദ്രൻ, ലളിത, പ്രേമ, രാജശേഖരൻ (ശാന്തി ബസ് ഉടമ), പരേതയായ ശാന്ത എന്നിവരാണ് ചിത്രകലയുടെ സഹോദരങ്ങൾ.
ബേഡകം പോലീസ് ഇൻക്വസ്റ്റ് നടത്തി, കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഗൃഹനാഥൻ്റെയും ഭാര്യയുടെയും അപകട മരണം കുടുംബത്തെയും മലയോര ജനതയെയും ദുഖത്തിലാക്കി.
വ്യാപാരികൾ അനുശോചിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റിൻ്റെ പ്രസിഡണ്ടായ കുഞ്ഞികൃഷ്‌ണനും ഭാര്യയും വാഹനാപകടത്തിൽ മരണപ്പെട്ടതിൽ വ്യാപാരികൾ അനുശോചിച്ചു. തിങ്കളാഴ്‌ച രാവിലെ ഒമ്പത് മണിക്ക് ബന്തടുക്ക വ്യാപാരഭവന് മുൻവശം മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. ആദരസൂചകമായി കുറ്റിക്കോൽ മേഖലയിൽ ഒരു മണിക്കൂർ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് അറിയിച്ചു.
