മതപഠന ശാലയിൽ മരിച്ച മകളെ കാണാൻ അനുവദിച്ചില്ല; അന്വേഷണം വേണമെന്ന് അസ്‌മിയയുടെ കുടുംബം, മദ്രസയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മതപഠന ശാലയിൽ മരിച്ച മകളെ കാണാൻ അനുവദിച്ചില്ല; അന്വേഷണം വേണമെന്ന് അസ്‌മിയയുടെ കുടുംബം, മദ്രസയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന ശാലയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഗുരുതരമായ ആരോപണവുമായി കുടുംബം. അസ്‌മിയെ അന്വേഷിച്ച് മദ്രസയിൽ എത്തിയ മാതാവിനെ അസ്‌മിയെ കാണാൻ അനുവദിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടു.

രണ്ടു മണിക്കൂറിന് ശേഷം മകളെ കാണാൻ അനുവദിക്കാത്തതിനെ തുടർന്ന് ബഹളം വച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്നും ലൈബ്രറിയിൽ മകളെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തുകയായിരുന്നുന്നും കുടുംബം പറയുന്നു.

ആത്മഹത്യ തന്നെയാണോ എന്ന് സംശയമുണ്ടെന്നും അസ്‌മിയയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മദ്രസയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലെന്ന് കുടുംബം ആരോപിച്ചു. ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ ശനിയാഴ്‌ചയാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ താമസിച്ചു കൊണ്ടാണ് അസ്‌മിയ പഠനം നടത്തിയിരുന്നത്.

മതപഠന ശാലയിൽ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷൻ വി.വി രാജേഷ്. തലസ്ഥാനത്തെ മദ്രസകൾ കേന്ദ്രീകരിച്ച് പീഡനവും രാജ്യ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുവെന്നും വി.വി രാജേഷ് ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

മരണം സ്‌കൂൾ അധികൃതർ പോലീസിനെ അറിയിക്കാത്തത് ദുരൂഹത കൂട്ടുന്നുവെന്ന് വി.വി രാജേഷ് പറഞ്ഞു. സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണം എന്നും അദ്ദേഹം പറഞ്ഞു.

17 വയസുകാരിയായ പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത ഉണ്ട്. നിരവധി നാളുകളായി ഇതേ മതപഠന ശാലയിൽ ദുരൂഹതകൾ തുടരുന്നുണ്ടെന്നും ബി.ജെ.പി ആരോപിച്ചു. കൃത്യമായ വിവരം നൽകാൻ അധികൃതർ തയ്യാറല്ലെന്നും പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് മറ്റന്നാൾ ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് ബി.ജെ.പി മാർച്ച് നടത്തും.

0Shares