മാധ്യമ ഗൂഡാലോചനയോ; ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ കേസെടുത്ത് പൊലീസ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മാധ്യമ ഗൂഡാലോചനയോ; ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ കേസെടുത്ത് പൊലീസ്

നവകേരള സദസിനെതിരായ പ്രതിപക്ഷ യുവജന പ്രതിഷേധം റിപ്പോർട്ട് ചെയ്‌തതിന് ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ കേസെടുത്ത് കുറുപ്പംപടി പൊലീസ്. കേസിൽ അഞ്ചാം പ്രതിയാണ് വിനീത. മുഖ്യമന്ത്രിക്കെതിരെ ഷൂ എറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്‌തതിനാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനും സുരക്ഷാ വാഹനത്തിനും നേരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രധിഷേധ ഷൂ എറിഞ്ഞ സംഭവത്തിൽ പോലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കി.

സംഭവം തത്സമയം റിപ്പോർട് ചെയ്‌ത വിനീതയും പ്രതിഷേധക്കാരും തമ്മിൽ നേരത്തെ തന്നെ ചില രഹസ്യ വിവരകൈമാറ്റങ്ങൾ നടന്നിരുന്നോ എന്നാണ് പോലീസ് ഈ കേസുമായി കണ്ടെത്താൻ ശ്രമിക്കുന്നത്. കേസിൽ അഞ്ചാം പ്രതിയാണ് മാധ്യമ പ്രവർത്തകയായ വിനീത.

ഐ.പി.സി 120(ബി), 283, 308, 353, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് വിനീതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഷൂസ് എറിഞ്ഞവർക്കെതിരെ ചുമത്തിയിരിക്കുന്ന ഈ വകുപ്പുകൾ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയപ്പോൾ വകുപ്പുകൾ സംബന്ധിച്ച് പൊലീസിന് അതിരൂക്ഷ വിമർശനമുണ്ടാവുകയും പ്രതികൾക്ക് ജാമ്യം ലഭിക്കുകയും ചെയ്‌തിരുന്നു.

പ്രതികൾക്കെതിരെ നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തിയ അതേ വകുപ്പുകളാണ് നിലവിൽ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കുറുപ്പംപടി സി.ഐയും ചുമത്തിയിരിക്കുന്നത്.

0Shares