ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നു തന്നെ; കേസിൽ കുറ്റപത്രം സമർപ്പിച്ചു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നു തന്നെ; കേസിൽ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിക്ക് ഇടയിൽ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് പൊലീസ് കുറ്റപത്രം നൽകിയത്. ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് അസിസ്റ്റണ്ട് കമ്മീഷണർ വ്യക്തമാക്കി.

സംഭവത്തിൽ രണ്ട് നഴ്‌സുമാരും രണ്ട് ഡോക്ടറർമാരും പ്രതികളെന്ന് 750 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. കേസിൽ 60 സാക്ഷികളാണുള്ളത്. ഡോ. സി.കെ രമേശൻ, സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.എം ഷഹന, മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്‌സുമാരായ എം.രഹന, കെ.ജി മഞ്ജു എന്നിവരാണ് കേസിലെ പ്രതികൾ. 2017ൽ നടത്തിയ എം.ആർ.ഐ സ്‌കാനിങ് ആണ് അന്വേഷണത്തിൽ നിർണ്ണായക തെളിവായത്.

ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്ന് തന്നെയെന്നും മെഡിക്കൽ ബോർഡിൻ്റെ വാദം ശരിയല്ലെന്നും അസിസ്റ്റണ്ട് കമ്മീഷണർ പറഞ്ഞു. ഉപകരണം കുടുങ്ങിയത് മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്ക് ഇടെയാണ്.

ഡോക്ടർമാർക്കും നഴ്‌സുമാർക്കും വീഴ്‌ച സംഭവിച്ചെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. രണ്ടുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമെന്നും എ.സി.പി വ്യക്തമാക്കി.

ആശുപത്രി സൂപ്രണ്ട് ഉൾപ്പടെ ഉള്ളവർക്ക് എതിരെയായിരുന്നു ഹർഷിന പരാതി നൽകിയിരുന്നത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇവർ കുറ്റക്കാരല്ലെന്ന് കണ്ടെത്തി ഒഴിവാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ഡോക്ടർമാരെയും നഴ്‌സുമാരെയുമടക്കം പ്രതികളാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹർഷിന പറഞ്ഞു. നഷ്ടപരിഹാരം കൂടി ലഭിക്കുന്നതോടെ മാത്രമേ നീതി പൂർണ്ണമാകുന്നുള്ളൂ എന്നും ഹർഷിന പ്രതികരിച്ചു.

0Shares