
കാസർകോട്: കാർ മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ എസ്.ഐ ഉൾപ്പടെ മൂന്ന് പൊലീസുകാർക്ക് എതിരെ നടപടി. പൊലീസിനെ വെട്ടിച്ച് പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശി ഫർഹാസ് (17) മരിച്ച സംഭവത്തിലാണ് പൊലീസുകാർക്ക് എതിരെ കോടതി കേസെടുത്തത്. കുമ്പള പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ്. ആർ.രജിത്, സി.പി.ഒമാരായ ദീപു, പി.രഞ്ജിത്ത് എന്നിവർക്ക് എതിരെയാണ് കോടതി കേസെടുത്തത്.
അപകടത്തെ തുടർന്ന് ഫർഹാസിന്‍റെ മാതാവ് കാസർകോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി. ഇതോടെയാണ് പൊലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകിയത്. ഇതേ സംഭവത്തിൽ നേരത്തെ മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റിയിരുന്നു. ഇപ്പോൾ നരഹത്യക്കാണ് കോടതി കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി 19ന് ഹാജരാകാൻ കോടതി പൊലീസുകാർക്ക് സമൻസ് അയച്ചു.

പൊലീസ് പിന്തുടർന്നതാണ് അപകടം ഉണ്ടാകാൻ കാരണമായതെന്ന് ഫർഹാസിന്‍റെ കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയ്ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് മൂന്ന് പൊലീസുകാരെ സ്ഥലംമാറ്റിയത്. എന്നാൽ സ്ഥലം മാറ്റത്തിൽ നടപടി ഒതുക്കാൻ ശ്രമിക്കുന്നുവെന്ന് മനസിലായതോടെയാണ് ഫർഹാസിന്‍റെ കുടുംബം കോടതിയെ സമീപിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം കാറിൽ പോകുമ്പോഴാണ് പൊലീസ് കൈകാണിക്കുന്നത്. എന്നാൽ ഇവർ പൊലീസിനെ വെട്ടിച്ച് പോകുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. അംഗഡിമൊഗർ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു ഫർഹാസ്. കാസർകോട് കുമ്പളയില്‍ നടന്ന അപകടത്തില്‍ ഫർഹാസിന് നട്ടെല്ലിന് പരിക്കേറ്റിരുന്നു. പിന്നീട് ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. എന്നാൽ വിദ്യാർഥികളുടെ അപകടകരമായ ഡ്രൈവിങ്ങാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പൊലീസ് വിശദീകരണം.
