
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. തിരിച്ചറിയൽ കാർഡ് വ്യാപകമായി തയ്യാറാക്കിയതായും സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. മ്യൂസിയം പോലീസ് ആണ് കമ്മിഷൻ്റെ പരാതിയിൽ കേസെടുത്തത്. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടേക്കും. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അഡീഷണല്‍ ചീഫ് ഇലക്ടറൽ ഓഫീസര്‍ (രണ്ട്) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പരാതിയിൽ എഫ്ഐആർ ഇട്ടിരിക്കുന്നത്. ഐ.പി.സി 465, 468, 471 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷന് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസിനോട് സംഭവത്തിൻ്റെ പ്രാഥാമിക റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. അതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി ലഭ്യമായ വിവരം കമ്മിഷന് കൈമാറിയിരുന്നു. അതിൻമേൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ മറുപടിയിലാണ് കേസെടുത്തിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയില്‍ രേഖ ചമച്ചുവെന്ന പരാതിയില്‍ കഴിഞ്ഞ മാസമായിരുന്നു പോലീസ് കേസെടുത്തത്. വ്യാജരേഖ ചമച്ചതിനും ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്. വിവിധ രാഷ്ട്രീയ സംഘടനകളും തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്.
