പത്താംതരത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനി തുറന്നുപറഞ്ഞു; ദുഃസ്വപ്‌ന കഥപോലെ നിരവധിപേർ പീഡിപ്പിച്ചത്, പോക്‌സോ കേസിൽ അറസ്റ്റിലായ ഏഴാമത്തെ പ്രതിയും റിമാണ്ടിൽ

You are currently viewing പത്താംതരത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനി തുറന്നുപറഞ്ഞു; ദുഃസ്വപ്‌ന കഥപോലെ നിരവധിപേർ പീഡിപ്പിച്ചത്, പോക്‌സോ കേസിൽ അറസ്റ്റിലായ ഏഴാമത്തെ പ്രതിയും റിമാണ്ടിൽ

ബേഡകം / കാസർകോട്: പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയും പിടിയിലായി. അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്‌തു. ബേഡകം പോലീസ് രജിസ്റ്റർ ചെയ്‌ത ഏഴ് പോക്‌സോ കേസുകളിൽ മുഴുവൻ പ്രതികളും ഇതോടെ അറസ്റ്റിലായി എന്നാണ് റിപ്പോർട്ടുകൾ. ബേഡകം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.ദാമോദരൻ്റെ നേതൃത്വത്തിലാണ് പ്രതികളെയെല്ലാം പിടികൂടിയത്.

പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഇക്കഴിഞ്ഞ ആഗസ്‌ത്‌ മാസത്തിലാണ് തന്നെ പീഢിപ്പിച്ചതായി ആദ്യം പരാതി നൽകിയത്. ഇതനുസരിച്ച് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ്‌ ചെയ്‌തിരുന്നു. കൗൺസിലിംഗിന് വിധേയമായപ്പോൾ ആണ് പെൺകുട്ടി ദുഃസ്വപ്‌നം പോലെ വർഷങ്ങളായി പലരും തന്നെ പീഡിപ്പിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞത്.

അടുത്ത ബന്ധുവായ ഒരാൾ ഉൾപ്പെടെ ഏഴുപേർക്ക് എതിരെ ഏഴ് വ്യത്യസ്‌ത കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്‌തത്‌. പ്രായപൂർത്തിയാകാത്ത പെൺകുട്ടി വർഷങ്ങളോളം നിരവധി പേരിൽ നിന്നും പീഡനത്തിന് ഇരയായത് സ്വന്തം വീട്ടിൽ വെച്ചും സമീപപ്രദേശങ്ങളിൽ നിന്നുമാണെന്നാണ് പുറത്തുവന്ന വിവരങ്ങൾ.

ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരായ ആളുകളാണ് പ്രതികൾ. സൗഹൃദ വലയത്തിലാക്കി വർഷങ്ങളോളം പെൺകുട്ടിയെ പീഡനത്തിന് ഇരയായിട്ടും രക്ഷിതാക്കൾ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് കരുതുന്നതെന്നാണ് നാട്ടുകാരും പറയുന്നത്.

പോക്സോ (POCSO) എന്താണ്?

ഇന്ത്യയിൽ കുട്ടികൾക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി 2012ൽ കൊണ്ടുവന്ന നിയമം ആണ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ്, 2012 ( POCSO Act). കുട്ടികൾക്കെതിരെ ഉള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് തരംതിരിച്ചുള്ള നടപടിക്രമങ്ങളും ശിക്ഷയും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും ക്ഷേമത്തിനും ഭീഷണിയാകുന്നതും, ദീർഘകാലം അവരുടെ ശാരീരികമോ മാനസികമോ സാമൂഹ്യമായോ ആയ ആരോഗ്യത്തെ ബാധിക്കുന്നതുമായ പ്രവൃത്തികളോ വീഴ്‌ചകളോ ഒരു വ്യക്തിയുടെ ഭാഗത്തു നിന്ന് ഉണ്ടായാൽ അതിനെ ആ കുട്ടിയ്ക്കെതിരെയുള്ള അതിക്രമമായി കണക്കാക്കാം. ഈ വ്യക്തി പ്രായപൂർത്തിയായ ആളോ മറ്റൊരു കുട്ടിയോ ആവാം.

പോക്‌സോ നിയമ പ്രകാരമുള്ള കേസുകളിൽ ഇരകളുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ട കാര്യത്തിൽ പൂർണ്ണ രഹസ്യം സൂക്ഷിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ട പ്രത്യേക മുൻകരുതലുകളിൽ നിലവിൽ സർക്കുലർ ഉണ്ട്. കേസ് ഡയറിയിൽ ഇരയുടെ പേര് പരാമർശിക്കുന്നത് ഒഴിവാക്കാനും അന്വേഷണ ഉദ്യോഗസ്ഥരോട് നേരത്തെ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യപരമായ ശാരീരിക, മാനസിക, ബൗദ്ധിക, സാമൂഹിക വികാസം ഉറപ്പുവരുത്തി കൊണ്ട് കുട്ടികളെ ഭാവിയിലേക്ക് തയ്യാറെടുപ്പിക്കുന്ന പ്രക്രിയയില്‍ കുട്ടികൾക്കും മുതിർന്നവർക്കും ബോധവത്കരണ പ്രവർത്തനങ്ങൾ അനിവാര്യമാണ്.

0Shares