
കാനഡയിലെ സാസ്കാചുവാൻ പ്രവിശ്യയിൽ മുമ്പ് ബോർഡിംഗ് സ്കൂൾ നിലനിന്നിരുന്നിടത്ത് 751 കുഴിമാടങ്ങൾ കണ്ടെത്തി. മുമ്പ് കത്തോലിക്ക സഭ നടത്തിയ മാരീവൽ ഇന്ത്യൻ റസിഡൻഷ്യൽ സ്കൂളിനോടു ചേർന്നാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്.
ആഴ്ചകൾക്കുമുമ്പ് കാനഡയിലെ തന്നെ ബ്രിട്ടീഷ് കൊളംബിയയിലും സമാനമായ 215 കൂട്ടകുഴിമാടങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ത്യൻ അദിവാസി കുട്ടികൾക്കായി 19, 20 നൂറ്റാണ്ടുകളിൽ നടത്തിയിരുന്ന 130 സ്കൂളുകളിലൊന്നാണിത്. 1863നും 1998നും ഇടയ്ക്ക് ഒന്നര ലക്ഷത്തോളം കുട്ടികളെ വീടുകളിൽനിന്ന് നിർബന്ധിതമായി കൊണ്ടുവന്ന് ഈ സ്കൂളിലാക്കിയിരുന്നു. അവരുടെ ഗോത്രഭാഷയും സംസ്കാരവും ഇവിടെ വിലക്കപ്പെട്ടു.

സൗകര്യങ്ങളും ശുചിത്വവും ഇല്ലാതിരുന്ന സ്ഥലങ്ങളിൽ താമസിപ്പിക്കപ്പെട്ട കുട്ടികൾ വ്യാപകമായി ലൈംഗിക പീഡനത്തിനടക്കം ഇരയാക്കപ്പെട്ടതായി ആരോപിക്കപ്പെടുന്നു. അടുത്തിടെ കാനഡയിൽ കണ്ടെത്തിയ ഏറ്റവും വലിയ കുഴിമാടമാണിത്. സമാന കണ്ടെത്തലുകൾ വ്യാപകമായതോടെ രാജ്യത്തെ ഗോത്ര വർഗ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
റസിഡൻഷ്യൽ സ്കൂളുകളിൽ വിദ്യാർഥികൾ കടുത്ത ശാരീരിക പീഡനവും ബലാത്സംഗവും പോഷണമില്ലായ്മയും അനുഭവിച്ചതായി അടുത്തിടെ അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു. പഠനത്തിനായി കൊണ്ടുവന്ന 6,000 ഓളം വിദ്യാർഥികൾ വിവിധ സ്കൂളുകളിൽ മരിച്ചതായാണ് കണക്ക്.
