
കൊല്ലം: നമ്പർ പ്ലേറ്റില്‍ കൃത്രിമം കാട്ടുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. നമ്പർ പ്ലേറ്റ് ശരിയായ രീതിയില്‍ പ്രദർശിപ്പിക്കാതിരിക്കുക, വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുക, സുരക്ഷാ നമ്പർ പ്ലേറ്റില്‍ കൃത്രിമത്വം കാണിക്കുക എന്നിവയാണ് നിരീക്ഷിക്കുന്നത്. സംസ്ഥാന വ്യാപകമായി നടപടികൾ കർശനമാക്കാൻ ആണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
കൊല്ലം റൂറല്‍, സിറ്റി പരിധികളില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഇരുചക്ര വാഹനങ്ങളാണ് മോട്ടോർ വാഹനവകുപ്പിൻ്റെ എൻഫോഴ്‌സ്മെണ്ട് വിഭാഗം പിടിച്ചെടുത്ത് പിഴയീടാക്കിയത്. ആശ്രാമം മൈതാനം, കരിക്കോട് ടി.കെ.എം കോളേജിന് സമീപം, എസ്.എൻ കോളേജ് ജംഗ്ഷൻ, ക്യു.എ.സി റോഡ്, കടവൂർ, അഞ്ചാലുംമൂട് റോഡ് എന്നിവിടങ്ങളിലാണ് കൂടുതല്‍പേർ പിടിയിലായത്.
വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചാല്‍ നിറുത്താതെ പോകുന്ന ബൈക്കുകളുടെ പിന്നിലിരിക്കുന്നയാള്‍ കൈകൊണ്ട് തട്ടിയാല്‍ നമ്പർ പ്ലേറ്റ് അകത്തേക്ക് മടങ്ങുന്ന വിധത്തിലാണ് ‘സെറ്റ്’ ചെയ്‌തിരിക്കുന്നത്. ഇത്തരം നമ്പർ പ്ലേറ്റുകള്‍ തയ്യാറാക്കി നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെയും മോട്ടോർ വാഹനവകുപ്പ് അധികൃതർ നടപടി തുടങ്ങിയിട്ടുണ്ട്. കൃത്രിമമായി നമ്പർ പ്ലേറ്റ് നിർമ്മിച്ച നല്‍കിയ പുനലൂരിലെ സ്ഥാപനം അടപ്പിച്ചിരുന്നു.
2019 ഏപ്രില്‍ ഒന്നിനുശേഷം നിർമിച്ച വാഹനങ്ങളില്‍ നിർബന്ധമാക്കിയിട്ടുള്ള അതിസുരക്ഷ നമ്പർപ്ലേറ്റ് ഇളക്കിമാറ്റിയ ശേഷം അനധികൃതമായി ഘടിപ്പിച്ചെന്ന് കണ്ടെത്തിയാല്‍ വാഹനത്തിൻ്റെ രജിസ്ട്രേഷൻ മൂന്നുമാസത്തേക്ക് സസ്പെണ്ട് ചെയ്യാം. നിയമലംഘനം എ.ഐ ക്യാമറയില്‍ പതിഞ്ഞാലും, നമ്പർപ്ലേറ്റിലെ കൃത്രിമം കാരണം വാഹനം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുണ്ട്.
ആദ്യതവണ പിഴ 3000 രൂപ
നമ്പർപ്ലേറ്റില്‍ കൃത്രിമത്വം കാട്ടുന്ന വാഹനങ്ങള്‍ പിടികൂടിയാല്‍ ആദ്യതവണ 3000 രൂപ പിഴയും താക്കീതുമാണ് ശിക്ഷ. രണ്ടാമതും കുടുങ്ങിയാല്‍ 7500 രൂപ പിഴയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. പിന്നീട് വാഹനത്തിൻ്റെ രേഖകള്‍ പരിശോധിച്ച ശേഷം മറ്റ് നിയമ ലംഘനങ്ങള്‍ ഉണ്ടെങ്കില്‍ അതിനും പിഴ ഈടാക്കും.

പിഴ അടച്ച ശേഷം നമ്പർ പ്ലേറ്റ് മോട്ടോർ വാഹനവകുപ്പ് ഓഫീസ് പരിസരത്ത് വച്ച് തന്നെ മാറ്റിസ്ഥാപിച്ച ശേഷമേ വാഹനം വിട്ടു നല്‍കുകയുള്ളൂ.
പെയിന്റിലെ പ്ലേറ്റുകള്‍ മാറ്റണം
2019 ഏപ്രില്‍ ഒന്നിനുശേഷം നിർമ്മിച്ച വാഹനങ്ങളില്‍ അതിസുരക്ഷ നമ്പർപ്ലേറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. 2019ന് മുമ്പ് നിരത്തിലിറക്കിയ വാഹനങ്ങളും ഇത്തരത്തില്‍ പുതിയ അതിസുരക്ഷ കോഡ് അടങ്ങിയ നമ്പർപ്ലേറ്റുകളിലേക്ക് മാറണം.
പെയിന്റ് ഉപയോഗിച്ച് എഴുതിയ നമ്പർപ്ലേറ്റുകള്‍ പുതിയ രീതിയിലേക്ക് മാറ്റാൻ നിർദേശമുണ്ടെങ്കിലും കർശനമാക്കിയിട്ടില്ല. അംഗീകൃത നമ്പർപ്ലേറ്റ് ഘടിപ്പിക്കുന്ന സ്ഥാപനങ്ങളുടെ കുറവും പുതിയ അതിസുരക്ഷ നമ്പർ പ്ലേറ്റിലേക്ക് മാറേണ്ട വാഹനങ്ങളുടെ ബാഹൃുല്ല്യവും കണക്കിലെടുത്താണിത്.
