660 ഓളം ഗാനങ്ങള്‍; ജോളി ഏബ്രഹാം, സുജാത, ജെന്‍സി തുടങ്ങിയ ഗായകരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി; അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ഇത് വൈകിയെത്തിയ അംഗീകാരം

  • Post category:news
  • Reading time:2 mins read
You are currently viewing 660 ഓളം ഗാനങ്ങള്‍; ജോളി ഏബ്രഹാം, സുജാത, ജെന്‍സി തുടങ്ങിയ ഗായകരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി; അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ഇത് വൈകിയെത്തിയ അംഗീകാരം

കൊച്ചി: കഴിഞ്ഞ ആറ് പതിറ്റാണ്ടിലധികമായി സംഗീതലോകത്ത് നിറസാന്നിധ്യമായ എം.കെ. അര്‍ജുനന്‍ മാസ്റ്ററെ തേടിയെത്തിയത് വൈകിയെത്തിയ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്. ഭയാനകം എന്ന സിനിമയിലെ ഗാനങ്ങളിലെ സംഗീതത്തിനാണ് അവാര്‍ഡ്. മികച്ച നാടക സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡുകള്‍ 14 തവണ ലഭിച്ചെങ്കിലും ആദ്യമായാണ് സിനിമയ്ക്ക് അവാര്‍ഡ് ലഭിക്കുന്നത്. ‘സംഗീതലോകത്തെ നിലനില്‍പ്പിനായി ആരുടെയും ശുപാര്‍ശകള്‍ക്കായി താന്‍ ചെന്നിട്ടില്ല. പല പുരസ്‌കാരങ്ങളും അംഗീകാരങ്ങളും തന്നെത്തേടി എത്തിയിട്ടുണ്ട്. ഇതെല്ലാം ദൈവാനുഗ്രഹമാണ്. കൂടുതല്‍ ലഭിക്കണമെന്ന് താന്‍ ആഗ്രഹിച്ചിട്ടുമില്ലെന്നുമാണ് അംഗീകാരത്തെ സംബന്ധിച്ച് മാസ്റ്ററുടെ പ്രതികരണം. എണ്‍പതാം വയസിലും സംഗീതത്തെ കൈവിടാന്‍ മനസില്ലാത്തെ മാസ്റ്റര്‍ 156 സിനിമകളിലായി 660 ഓളം ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ മാളിയേക്കല്‍ കൊച്ചുകുഞ്ഞിന്റേയും പാര്‍വ്വതിയുടെയും പതിന്നാലുമക്കളില്‍ പതിന്നാലാമനായി ജനനം. ജനിച്ച് ആറാം മാസം അച്ഛന്‍ മരിച്ചു. തികച്ചും ദരിദ്രമായ കുടുംബപശ്ചാത്തലമാണ് ബാല്യത്തില്‍ മാസ്റ്റര്‍ക്കുണ്ടായത്. പതിനഞ്ചാം വയസിലാണ് സംഗീതം ജീവിതമാക്കാന്‍ തീരുമാനിച്ചത്. അങ്ങനെ നാടകക്കമ്പനിയുടമയും കഥാകൃത്തുമായ പൌലോസ് ‘പള്ളിക്കുറ്റം’ എന്ന നാടകത്തിന് പാട്ടു കംപോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു. നേരത്തെ നിശ്ചയിച്ചിരുന്ന ആള്‍ എത്തിയിരുന്നില്ല. മാസ്റ്റര്‍ക്ക് പരിചയമില്ലാത്ത മേഖലയായിരുന്നു സംഗീതസംവിധാനം. പാട്ടുപാടാന്‍ അറിയാമെന്ന ആത്മവിശ്വാസം മാത്രമാണു കൈമുതല്‍. തുടര്‍ന്നു ‘കുറ്റം പള്ളിക്ക്’ എന്ന നാടകത്തിനു ഗാനങ്ങള്‍ കംപോസ് ചെയ്യണമെന്നാവശ്യപ്പെട്ട് മറ്റൊരു സമിതിയും എത്തി. രണ്ടു ജോലികളും ഏറ്റെടുത്തു വിജയപ്പിച്ചു. തുടര്‍ന്നാണ് ചങ്ങാനാശ്ശേരി ഗീഥ,ആലപ്പി തിയേറ്റേര്‍സ് എന്നീ സമിതികളില്‍ അവസരം ലഭിച്ചത്. 1961 ല്‍ കാളിദാസ കലാകേന്ദ്രത്തില്‍ വെച്ചു ദേവരാജന്‍ മാസ്റ്ററെ ആദ്യമായി പരിചയപ്പെട്ടു. ദേവരാജന്‍ മാഷിനു ഒരു ഹാര്‍മ്മോണിസ്റ്റിനെ വേണമായിരുന്നു. ദേവരാജന്‍ മാസ്റ്റര്‍ സിനിമയില്‍ തിരക്കായപ്പോള്‍ കാളിദാസ കലാകേന്ദ്രത്തിലെ ഹാര്‍മ്മോണിസ്റ്റ് എന്ന സ്ഥാനത്തുനിന്ന് സംഗീതസംവിധായകനായി മാറി. കാളിദാസ കലാകേന്ദ്രത്തിനു വേണ്ടി ധാരാളം നാടകഗാനങ്ങള്‍ കംപോസ് ചെയ്തു. തുടര്‍ന്നിങ്ങോട്ട് പത്ത്വര്‍ഷത്തിലധികം നാടകരംഗത്ത് സജീവമായിനിന്നു. 1968 ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ചു. അതിലെ അഞ്ച് പാട്ടുകളും സൂപ്പര്‍ഹിറ്റായി. ഹൃദയമുരുകി നീ കരയില്ലെങ്കില്‍…, മാനത്തിന്‍ മുറ്റത്ത് മഴവില്ല്… തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ നെഞ്ചിലേറ്റി പാടിനടക്കുന്നു. കസ്തൂരി മണക്കുന്നല്ലോ കാറ്റേ…, ചെമ്പകതൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി…, തളിര്‍വലയോ… തുടങ്ങിയ ഗാനങ്ങള്‍ മലയാളികള്‍ ഇന്നും മൂളുന്നുണ്ടെങ്കില്‍ അത് അര്‍ജുനന്‍മാസ്റ്ററുടെ സംഗീതത്തിന്റെ മാസ്മരികത ഒന്നുകൊണ്ടുമാത്രമാണ്.‘റെസ്റ്റ് ഹൌസ്’ എന്ന പടത്തിലെ പാട്ടുകളിലൂടെ പ്രശസ്തമായ ശ്രീകുമാരന്‍ തമ്പി-അര്‍ജുനന്‍ ടീമിന്റെ പിറവിക്കു കാരണമായി. ശീകുമാരന്‍ തമ്പിയുടെ 250 ഓളം ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. 70കളില്‍ വയലാര്‍-ദേവരാജന്‍ ടീമും ശ്രീകുമാരന്‍ തമ്പി-അര്‍ജുനന്‍ ടീമും തമ്മില്‍ ആരോഗ്യകരമായ ഒരു മത്സരം നിലനിന്നിരുന്നു. ഫലം മലയാളത്തില്‍ ഒരു പിടി നല്ല ഗാനങ്ങള്‍ കേള്‍ക്കാന്‍ മലയാളികള്‍ക്ക് അവസരം കിട്ടി. ജോളി ഏബ്രഹാം, സുജാത, ജെന്‍സി തുടങ്ങിയ ഗായകരെ മലയാളം സിനിമയ്ക്ക് പരിചയപ്പെടുത്തിയത് അര്‍ജുനന്‍ മാഷ് ആണ്. പ്രശസ്ത സംഗീതസംവിധായകന്‍ ആര്‍ കെ ശേഖര്‍ മാസ്റ്ററുടെ പ്രിയപ്പെട്ട സഹായിയായിരുന്നു. എല്ലാ ഗായകര്‍ക്കും പാടാന്‍ അവസരം കൊടുത്തിട്ടുണ്ട്,എന്നാല്‍ യേശുദാസ് ആണ് ഗാനങ്ങളുടെ എണ്ണത്തില്‍ മുന്‍പില്‍ നില്‍ക്കുന്നത്. വയലാര്‍, ശ്രീകുമാരന്‍ തമ്പി, ഒ.എന്‍ വി, എ.പി ഗോപാലന്‍, പി. ഭാസ്‌ക്കരന്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, ആര്‍.കെ. ദാമോദരന്‍, ഷിബു ചക്രവര്‍ത്തി തുടങ്ങിയ അതുല്യപ്രതിഭകളുടെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കാന്‍ കഴിഞ്ഞിരുന്ന ഭാഗ്യം മാസ്റ്റര്‍ക്കുമാത്രമാണ്. അര്‍ജുനന്‍ മാസ്റ്റര്‍ കഴിഞ്ഞ മൂന്നു തവണയും പത്മ പുരസ്‌ക്കാരപട്ടികയിലുണ്ടായിരുന്നിട്ടും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു.

0Shares