
മലയാളത്തിന്റെ നടന വിസ്മയം മമ്മൂട്ടിക്ക് ഇന്ന് ജന്മദിനം. സെപ്റ്റംബർ 7, 1951ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ച മമ്മൂട്ടി മൂന്ന് പതിറ്റാണ്ടില്‍ ഏറെയായി അഭിനയരംഗത്ത് മുന്‍നിരയില്‍ തന്നെ സജീവ സാന്നിധ്യമാണ്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലെ പേരില്ലാത്ത കഥാപാത്രം മുതല്‍ ഇപ്പോള്‍ ഇവിടെ, ‘പുള്ളിക്കാരന് സ്റ്റാറാ’ വരെയെത്തിനില്‍ക്കുന്നു ആ അഭിനയ ജീവിതം. പരമ്പരാഗത ഇസ്ലാമിക പശ്ചാത്തലത്തില്‍ നിന്നുമുള്ള മമ്മൂട്ടിയ്ക്ക് സിനിമ എന്നത് ജീവിതമായിരുന്നു. ചെറുപ്പ കാലം തൊട്ടേ സിനിമയെ സ്നേഹിച്ച മമ്മൂട്ടി സിനിമയിലേക്കുള്ള തുടക്കത്തിനായി എല്‍. എല്‍. ബി പഠനകാലത്ത് പല വാതിലുകളും മുട്ടിയിരുന്നു. പക്ഷെ, ‘ശബ്ദം’, ‘ലുക്ക്’ എന്നീ ഘടകങ്ങളില്‍ മമ്മൂട്ടി പരാജയപ്പെടുകയാണ് എന്ന കാരണത്താല്‍ മിക്ക വാതിലുകളും തുറന്നില്ല.
1979 ലെ ദേവലോകം എന്ന ചിത്രമാണ് മമ്മൂട്ടി എന്ന നായകനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. തുടര്‍ന്നുള്ള വില്‍ക്കാനുണ്ട് സ്വപ്നങ്ങളില്‍ മമ്മൂട്ടി ചെയ്ത് വില്ലന്‍ വേഷം മലയാള സിനിമയുടെ വില്ലന്‍ സ്വപ്നങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു. 1980 ലെ മേള എന്ന ചിത്രത്തിലും, 1982 ലെ യവനിക എന്ന ചിത്രത്തിലും മമ്മൂട്ടിയ്ക്ക് വേഷം നല്കാന് തയ്യാറായ കെ.ജി ജോര്‍ജ്ജാണ് മമ്മൂട്ടിയെ മലയാള സിനിമയുടെ സജ്ജീവ സാന്നിധ്യമാക്കാന്‍ മുന്‍കൈയെടുത്തത്.
മമ്മൂട്ടി എന്നും എവര്‍ഗ്രീന്‍ ആയി നില്‍ക്കുന്നതിന് കാരണം നടന്റെ ആവേശമാണെന്ന് തിരക്കഥാകാരന് എസ്. എന്‍ സ്വാമി പറയുന്നു. അയാള്‍ക്ക് സിനിമയാണ് അയാളുടെ ജീവിതം. സിനിമയാണ് അയാളുടെ നിശ്വാസം, ആശ്വാസം, ആഹാരം എല്ലാം.. അത്രയും സിനിമയെ ഇഷ്ടപ്പെടുന്ന ആളാണ് മമ്മൂട്ടി.സിനിമയ്ക്ക് വേണ്ടി തനിക്കിഷ്ടപ്പെട്ടതെല്ലാം ഉപേക്ഷിച്ച നടനാണ് മമ്മൂട്ടി. ഇഷ്ടപ്പെട്ട ഭക്ഷണം പോലും ഇന്ന് മമ്മൂട്ടി കഴിക്കുന്നില്ല. 37 കൊല്ലമായി എനിക്ക് മമ്മൂട്ടിയെ അറിയാം. ഞങ്ങള്‍ പരിചയപ്പെട്ട കാലത്ത് കഴിക്കുന്ന സാധനങ്ങളൊന്നും ഇന്ന് മമ്മൂട്ടി കാണുന്ന് പോലുമില്ല. ഒരു കാലത്ത് നന്നായി സിഗരറ്റ് വലിച്ചിരുന്ന ആളിന്ന് അത് തൊടുന്നില്ല. ആരോഗ്യത്തിനും സിനിമയ്ക്കും വേണ്ടി തനിക്കിഷ്ടപ്പെട്ടതെല്ലാം മമ്മൂട്ടി ഉപേക്ഷിച്ചത് സിനിമയോടുള്ള പ്രേമം കൊണ്ടാണ്. സ്വാമി പറയുന്നു.
മമ്മൂട്ടിക്ക് ആദ്യമായ് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരവും, ഫിലിം ഫെയർ പുരസ്ക്കാരവും നേടിക്കൊടുത്തത് ‘അടിയൊഴുക്കുകൾ’ എന്ന ചിത്രമാണ്. തുടർന്ന് യാത്ര എന്ന ചിത്രത്തിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരവും, മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്ക്കാരവും അദ്ദേഹം സ്വന്തമാക്കി. എണ്‍പതുകളിൽ പുറത്തിറങ്ങി ജനശ്രദ്ധ ആകർഷിച്ച ചില മമ്മൂട്ടി ചിത്രങ്ങളാണ് സന്ധർഫം, നീർകൂത്ത്, അതിരാത്രം തുടങ്ങിയവ. മമ്മൂട്ടി നായകനായി 1990-ൽ പുറത്തിറങ്ങി വളരെ അധികം പരാമർശിക്കപ്പെട്ട കുറ്റാന്വേഷണ ചിത്രമാണ് ഒരു ‘സി. ബി. ഐ ഡയറി കുറിപ്പ്’.
അഡ്വ. ഭാസ്കര്‍ പിള്ള എന്ന ക്രിമിനല്‍ ലോയറുടെ വേഷത്തിലാണ് അടിക്കുറുപ്പുകള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. എസ്. എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധുവാണ്ചിത്രം സംവിധാനം ചെയ്തത്. പിന്നീട് ഈ കൂട്ടുകെട്ടില്‍ സി. ബി. ഐ സീരിസിന് തുടക്കം കുറിക്കുകയായിരുന്നു. പിന്നീട് ഇതേ പശ്ചാത്തലത്തിൽ ജാഗ്രത, സേതുരാമയ്യർ സി. ബി. ഐ, നേരറിയാൻ സി. ബി. ഐ എന്നിങ്ങനെ മൂന്നു ചിത്രങ്ങൾ കൂടി പുറത്തിറങ്ങി. എം. ടി വാസുദേവൻ നായരുടെ അക്ഷരങ്ങൾ, സുകൃതം, കേരള വർമ്മ പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളും സിനിമാ ചരിത്രത്തില്‍ ഇടംനേടി. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ അന്യ ഭാഷാ സിനിമകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്നുതവണ നേടി. ‘ചലച്ചിത്രമേഖലയിലെ അഭിനയ പ്രതിഭക്കുള്ള കാലിക്കറ്റ് സർവകലാശാലയുടെ പരമോന്നത ബഹുമതിയായ ഡി-ലിറ്റ് ബിരുദം 2010-ൽ ലഭിച്ചു. എല്ലാം കടന്നും ഇന്നും ആ ജീവിതം തിരശീലയിലും മലയാളികളുടെ കണ്മുന്നിലും ഒഴുകുകയാണ്. ഒരു പാഠപുസ്തകം പോലെ…
