വ്യാപാരിയില്‍ നിന്ന് 65 ലക്ഷം രൂപ തട്ടിയ കേസ്; ബീഹാര്‍ സ്വദേശി അറസ്റ്റില്‍, രൂപ പല തവണകളായി തട്ടിയെടുക്കുക ആയിരുന്നുവെന്നാണ് പരാതി

  • Post category:local news / news
  • Reading time:1 min read
You are currently viewing വ്യാപാരിയില്‍ നിന്ന് 65 ലക്ഷം രൂപ തട്ടിയ കേസ്; ബീഹാര്‍ സ്വദേശി അറസ്റ്റില്‍, രൂപ പല തവണകളായി തട്ടിയെടുക്കുക ആയിരുന്നുവെന്നാണ് പരാതി

കാസര്‍കോട്: ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ മുംബൈ ഓഫീസിലെ സ്റ്റാഫ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാപാരിയുടെ കയ്യില്‍ നിന്നും 65 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കാസര്‍കോട് സൈബര്‍ പൊലീസ് ടീം അറസ്റ്റ് ചെയ്‌തു. ബീഹാര്‍ സ്വദേശി ഓംകുമാര്‍ റോയിയെയാണ് (34) ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നും ഗുരുഗ്രാം സൈബര്‍ പൊലീസിൻ്റെ സഹായത്തോടെ തന്ത്രപരമായി പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. നാരായണൻ്റെ നേതൃത്വത്തില്‍ എസ്.ഐ കെ.രമേശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സവാദ് അഷ്‌റഫ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിജിന്‍ രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

2022ലാണ് കേസിനാസ്‌പദമായ സംഭവം. ഓഹരി വിപണിയില്‍ ഇടപാടുകള്‍ നടത്തുന്ന ബേക്കല്‍ സ്വദേശിയായ വ്യാപാരിയില്‍ നിന്ന് വലിയൊരു തുക വ്യാപാരിയുടെ അക്കൗണ്ടില്‍ ഉണ്ടെന്നും ഇതിനുള്ള നികുതിയായി നിശ്ചിത തുക അടക്കണമെന്നും വിശ്വസിപ്പിച്ച് 65 ലക്ഷത്തോളം രൂപ പല തവണകളായി തട്ടിയെടുക്കുക ആയിരുന്നുവെന്നാണ് പരാതി.

2022 ജനുവരി മുതല്‍ ഫോണ്‍കോള്‍ വഴിയും വാട്‌സ്അപ്പ് വഴിയും പ്രതി പണം ആവശ്യപ്പെടുകയും വ്യാപാരി അത് അയച്ചു നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് താന്‍ കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയതോടെ 2022 ഡിസംബറിലാണ് പൊലീസില്‍ പരാതി നല്‍കിയത്.

0Shares