ന്യൂഡല്‍ഹി: കാമുകിമാരുടെ ആഡംബരജീവിതത്തിന് ഇലക്ട്രോണിക് സാധനങ്ങളും പണവും മോഷ്ടിച്ച 63-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശി ബന്ധുറാമിനെയാണ് പോലീസ് പിടികൂടിയത്. വടക്കന്‍ ഡല്‍ഹിയിലെ ഒരു ഫാക്ടറിയില്‍ നിന്ന് ലാപ്ടോപുകളും, എല്‍.ഇ.ഡി ടി.വിയും പണവും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ആനന്ദ് പര്‍ബാത്തിലെ ചേരിയില്‍ താമസിച്ചിരുന്ന അവിവാഹിതനായ ബന്ധുറാം 20 വര്‍ഷത്തിനിടെ നിരവധി മോഷണക്കേസുകളില്‍ പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അഞ്ച് കാമുകിമാര്‍ക്കു സമ്മാനമായി നല്‍കാനും ആഡംബരജീവിതം നയിക്കാനുമാണ് ബന്ധുറാം വിലകൂടിയ ഇലക്ട്രോണിക് സാധനങ്ങളും പണവും മോഷ്ടിച്ചിരുന്നത്. കുടുംബത്തില്‍ നിന്നും അകന്നുകഴിഞ്ഞിരുന്ന ഇയാള്‍ സ്ഥിരമായി മോഷണം നടത്താറുണ്ടായിരുന്നു. ഇതിനിടെയാണ് 28 നും 40 നും ഇടയില്‍ പ്രായമുള്ള അഞ്ച് സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചത്. മോഷ്ടിക്കുന്നതില്‍ ഭൂരിഭാഗവും ഇവര്‍ക്ക് സമ്മാനമായി നല്‍കുകയായിരുന്നു പതിവ്. എന്നാല്‍ ബന്ധുറാം സമ്മാനിച്ചത് മോഷണവസ്തുക്കളായിരുന്നുവെന്നും ബന്ധുറാം സ്ത്രീകളുമായി അടുപ്പം പുലര്‍ത്തിയിരുന്നതും കാമുകിമാര്‍ പരസ്പരം അറിയില്ലായിരുന്നുവെന്നു അവര്‍ വ്യക്തമാക്കി.
സ്ഥിരമായി വ്യായാമം ചെയ്യുന്നതിനാലും, തലമുടി കറുപ്പിക്കുന്നതിനാലും ബന്ധുറാമിന്റെ യഥാര്‍ഥ പ്രായവും ഇവര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ശനിയാഴ്ച വടക്കന്‍ ഡല്‍ഹിയിലെ ഒരു ഫാക്ടറിയില്‍ നിന്ന് രണ്ട് ലാപ്ടോപുകളും ടി.വിയും 60,000 രൂപയുമാണ് ബന്ധുറാം കവര്‍ച്ച ചെയ്തത്. സംഭവത്തില്‍ ഫാക്ടറിയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പോലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആനന്ദ് പര്‍ബാത്തില്‍ നിന്ന് ബന്ധുറാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സമീപപ്രദേശങ്ങളില്‍ അടുത്തിടെ നടന്ന മറ്റുചില മോഷണങ്ങള്‍ക്ക് പിന്നിലും ഇയാളാണെന്നും പോലീസ് വ്യക്തമാക്കി.
