
61 വർഷത്തെ ചരിത്രമുള്ള ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണം വിളമ്പാൻ ഇനി വനിതകളുമുണ്ടാവും. അന്തരിച്ച മുൻ ജീവനക്കാരന്‍റെ ഭാര്യ നടത്തിയ നിയമ പോരാട്ടമാണ് കോഫി ഹൗസിൽ വനിതാ വെയ്റ്റർമാർക്ക് അവസരം തുറന്നത്. കോഫി ഹൗസ് തിരുവനന്തപുരം ശാഖയിൽ ജോലിയിരിക്കെ മരിച്ച സന്തോഷ് കുമാറിന്‍റെ ഭാര്യ ഷീനയുടെ പരാതിയാണ് വിപ്ലവകരമായ നീക്കത്തിന് പിന്നിൽ.

ഷീനയ്ക്ക് ജോലിക്ക് പരിഗണിക്കാമെന്ന് നിർദേശിച്ചുകൊണ്ടുള്ള ഉത്തരവ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കോഫി ഹൗസ് ഭരണസമിതിക്കു കൈമാറിയതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. തൃശൂർ മുതൽ തിരുവനന്തപുരം പരെയുള്ള തെക്കൻ ജില്ലകളുടെ ചുമതലയുള്ള സൊസൈറ്റിക്കാണു നിർദേശം. ജൂൺ 16നു തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണസമിതി നിയമനത്തിന് തുടർനടപടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
അതേസമയം, രാത്രി 10 വരെ നീളുന്ന ഷിഫ്റ്റുകൾ മുലമാണ് ഇതുവരെ സ്ത്രീകളെ വെയ്റ്റർ തസ്തികയിലേക്ക് പരിഗണിക്കാതിരുന്നതെന്നാണ് കോഫി ഹൗസ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വടക്കൻ കേരളത്തിലെ കോഫി ഹൗസുകൾ നിയന്ത്രിക്കുന്ന കണ്ണൂർ സൊസൈറ്റി പാചകജോലിക്ക് 6 സ്ത്രീകളെ നിയമിച്ചിരുന്നു. ഇവരും വൈകാതെ വെയ്റ്റർ തസ്ഥികയിലേക്ക് പരിഗണിക്കപ്പെടുമെന്നും ഭരണ സമിതി പറയുന്നു. എന്നാൽ പുതിയ ഭരണസമിതി വന്നതിന് ശേഷമായിരിക്കും വനിതകളുടെ യൂണിഫോം തീരുമാനിക്കുക. ‘രാജകീയ’ തലപ്പാവ് കോഫി ഹൗസിന്‍റെ മുഖമുദ്രയായതിനാൽ അത് വനിതകൾക്കും ഉണ്ടാവുമെന്നാണ് വിലയിരുത്തൽ.
