
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച കാസർകോട് ചട്ടഞ്ചാൽ ടാറ്റാ കോവിഡ് ആശുപത്രി പൊളിച്ചുമാറ്റുന്നതിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 30 വർഷത്തേക്ക് ഉപയോഗിക്കാമെന്ന് പറഞ്ഞ് 60 കോടി മുടക്കി ടാറ്റ സിഎസ്ആർ ഫണ്ടിൽ നിർമ്മിച്ച ആശുപത്രി പൊളിച്ച് മാറ്റുന്നത് സർക്കാരിൻ്റെ അലംഭാവം കാരണമാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
കൃത്യമായ ഇടവേളകളിൽ സർക്കാർ അറ്റകുറ്റ പണി നടത്താത്തതു കൊണ്ടാണ് കോടികള്‍ മുടക്കി ടാറ്റ നിർമ്മിച്ചു നല്‍കിയ ആശുപത്രി പൊളിക്കേണ്ടി വരുന്നത്. ജില്ലയിലെ ജനങ്ങളെ രണ്ടാംതരം പൗരൻമാരായി കാണുന്ന സംസ്ഥാന സർക്കാരിൻ്റെ സമീപനത്തിൻ്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
കൊവിഡ് മഹാമാരിയുടെ കാലത്ത് ആരംഭിച്ച ആശുപത്രി കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ ശേഷം വെറുതെ കിടന്നതാണ് ശോചനീയാവസ്ഥയ്ക്ക് കാരണമായത്. നിർമ്മിച്ചു നൽകിയത് ടാറ്റ ആണെങ്കിലും പരിപാലിക്കേണ്ട ഉത്തരവാദിത്വമുള്ള സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ലെന്നത് ഞെട്ടിക്കുന്നതാണ്.

കൊവിഡിന് ശേഷം ആശുപത്രി മറ്റു രോഗങ്ങൾക്ക് ഉപയോഗിക്കാമെന്ന സർക്കാരിൻ്റെ വാക്ക് പാഴ് വാക്കാവുകയായിരുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ആശുപത്രി കെട്ടിടം ചോർന്നൊലിക്കുന്ന സ്ഥിതിയാണുള്ളത്. പ്ലൈവുഡ് കൊണ്ട് നിർമ്മിച്ച തറ നാശാവസ്ഥയിലാണ്. ആശുപത്രിയിലെ കണ്ടെയിനറുകളിലെല്ലാം വ്യാപകമായ ചോർച്ചയാണ്. എന്നിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്നത് ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ആരോഗ്യരംഗത്ത് നമ്പർ വണ്ണാണെന്ന് പറയുന്ന സംസ്ഥാനത്തിലെ ഒരു ജില്ലയിൽ നല്ലൊരു ആശുപത്രി പോലും ഇല്ല. ഉള്ള ആശുപത്രി ഇല്ലാതാക്കുന്നതിലാണ് സർക്കാർ താത്പര്യം കാണിക്കുന്നതെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.
