ഇന്‍ഡോര്‍: ഗാന്ധിജിയില്ലാത്ത രണ്ടായിരത്തിനു പിന്നാലെ 500ന്റെ പാതി അച്ചടിച്ച നോട്ടുകളും പുറത്ത്. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലാണ് 500ന്റെ പാതി അച്ചടിച്ച നോട്ടുകള്‍ കിട്ടിയിരിക്കുന്നത്. എടിഎമ്മില്‍ നിന്ന് ഹേമന്ത് സോണി എന്ന വ്യക്തി 1,500 രൂപ പിന്‍വലിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള രണ്ട് നോട്ടുകള്‍ ലഭിച്ചത്. തുടര്‍ന്ന് രാധാവല്ലാഭ് മാര്‍ക്കറ്റിന് സമീപമുള്ള എടിഎമ്മില്‍ നിന്നും 4,500 രൂപ പിന്‍വലിക്കുന്നതിനിടെ കിട്ടിയ 500ന്റെ ഒരു നോട്ടും ഇത്തരത്തിലാണ് ലഭിച്ചത്.

വിലയില്ലാത്ത നോട്ടുകള്‍ ഉടന്‍ തന്നെ സമീപത്തെ എസ്ബിഐ ശാഖയില്‍ എത്തി മാറ്റി എടുക്കുകയും ചെയ്തു. ഒരു വശം അച്ചടിക്കാത്ത നാല് നോട്ടുകള്‍ ഈ ശാഖയില്‍ ലഭിച്ചെന്നും വിവരം ആര്‍ബിഐയെ അറിയിച്ചിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. മദ്ധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഗാന്ധിജി ഇല്ലാത്ത 2000ന്റെ നോട്ടുകള്‍ വ്യാപകമായതിന് പിന്നാലെയാണ് ഈ വാര്‍ത്തയും വന്നിരിക്കുന്നത്.