15,000 രൂപ നൽകി; നാൽപ്പത്തിയാറുകാരന് പ്രായപൂർത്തിയാകാത്ത 14കാരിയായ മകളെ വിവാഹം ചെയ്തു കൊടുത്തു മാതാപിതാക്കൾ

  • Post category:news
  • Reading time:1 min read
You are currently viewing 15,000 രൂപ നൽകി; നാൽപ്പത്തിയാറുകാരന് പ്രായപൂർത്തിയാകാത്ത 14കാരിയായ മകളെ വിവാഹം ചെയ്തു കൊടുത്തു മാതാപിതാക്കൾ

കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച നാൽപ്പത്തിയാറുകാരൻ അറസ്റ്റിലായതായി റിപ്പോർട്ട്. പതിനാലുകാരിയായ പെൺകുട്ടിയെ ആണ് ഇയാൾ വിവാഹം കഴിച്ചത്. കല്യാണം നടത്താൻ കൂട്ടുനിന്ന കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

പെൺകുട്ടികളുടെ മാതാപിതാക്കൾ കൂലിപ്പണിക്കാരാണ്. മൂന്ന് പെൺമക്കളാണ് ദമ്പതികൾക്കുള്ളത്. പണമില്ലാത്തതിനാൽ കുട്ടികളുടെ പഠനം പാതിവഴിയിൽ മുടങ്ങി. ഈ സാഹചര്യം മുതലെടുത്താണ് നാൽപ്പത്തിയാറുകാരനായ ഗുരുപ്രസാദ് ബെംഗളൂരുവിലെ യെലഹങ്ക പുതിയ നഗരത്തിലെ ഇവരുടെ പക്കൽ വിവാഹാലോചനയുമായി വന്നത്.ഗുരുപ്രസാദ് വിവാഹിതനാണ്. ഇയാളുടെ ഭാര്യ വർഷങ്ങൾക്കുമുൻപേ ഇയാളെ ഉപേക്ഷിച്ചുപോയതാണ്. ഒരു സ്ത്രീ മുഖേനാണ് ഇയാൾ പതിനാലുകാരിയുടെ മാതാപിതാക്കളെ സമീപിച്ചത്.

മക്കളിൽ ഒരാളെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും പണം നൽകാമെന്നും ഇയാൾ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. 15,000 രൂപ നൽകിയതോടെ മാതാപിതാക്കൾ വിവാഹത്തിന് സമ്മതിച്ചു. ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. തുടർന്ന് നഗരത്തിലെ ഒരു ഹോസ്റ്റലിൽ ജോലിക്കായി പെൺകുട്ടി എത്തിയിരുന്നു. വിവാഹം കഴിഞ്ഞതാണെന്നും ഭർത്താവിന് നാൽപ്പത്തിയാറ് വയസുണ്ടെന്നും പെൺകുട്ടി പറഞ്ഞതോടെ ഹോസ്റ്റൽ ഉടമ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അതേസമയം, കഷ്‌ടപ്പാടുകൊണ്ട് ചെയ്തുപോയതാണെന്ന് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു.

0Shares