
തിഹാര്‍ ജയിലില്‍ മറ്റൊരു ‘പുള്ളി’യായി ഒന്നര ദിവസം കഴിയാം, തിരഞ്ഞടുക്കപ്പെട്ട കുറ്റവാളികളുമൊത്ത് രണ്ടു രാത്രി സെല്ലില്‍ ഉറങ്ങാം! റേറ്റ്: 2,000 രൂപ! കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ ജയില്‍ ടൂറിസം എന്ന നൂതന പദ്ധതിയുടെ ഭാഗമായാണ് അവസരം. 400 ഏക്കറില്‍ പരന്നു കിടക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാര്‍ ജയിലിനെയും തടവുകാരെയും പറ്റിയുള്ള പൊതുജനങ്ങളുടെ കൗതുകത്തില്‍ നിന്ന് വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം.
വിദേശരാജ്യങ്ങളില്‍ ജയില്‍ ടൂറിസം നിലവിലുണ്ടെങ്കിലും ജയില്‍പ്പുള്ളികള്‍ക്കൊപ്പം അന്തിയുറങ്ങാന്‍ അനുവദിക്കുന്നത് തിഹാറില്‍ മാത്രം. പദ്ധതി അടുത്ത വര്‍ഷം ആദ്യം യാഥാര്‍ത്ഥ്യമാകും. തടവുകാര്‍ക്കുള്ള എല്ലാ നിയമങ്ങളും ‘വിനോദ’തടവുകാര്‍ക്കും ബാധകം. തിഹാറിലെ പുള്ളികളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ യാസിന്‍ ഭട്കല്‍, അധോലോക കുറ്റവാളി ഛോട്ടാ രാജന്‍, മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചിദംബരം തുടങ്ങിയവരുണ്ട്.

ടൂറിസ്റ്റിന്‍റെ ജയില്‍ ജീവിതം ഇങ്ങിനെയായിരിക്കും:
# വൈകിട്ട് അഞ്ചിന് ജയിലില്‍ പ്രവേശിക്കാം, മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല
# ജയില്‍പ്പുള്ളിയുടെ വേഷത്തില്‍ സെല്ലില്‍ തറയില്‍ ഉറങ്ങണം
# കൃഷി, പാചകം, തയ്യല്‍ തുടങ്ങിയ ജോലികള്‍ ചെയ്യാം
# ഉച്ചഭക്ഷണത്തിനു ശേഷം ജയില്‍ ചുറ്റിക്കാണാം
# വൈകിട്ട് ജയില്‍പ്പുള്ളികളുടെ കലാപരിപാടികള്‍
#രാത്രി എട്ടിന് വീണ്ടും തടവറയിലേക്ക്
#രാവിലെ ആറു മണിക്ക് റിലീസ്
നിലവില്‍ തെലുങ്കാനയിലെ മേഡക് ജില്ലയിലെ പുരാതന ജയിലില്‍ അന്തിയുറങ്ങാന്‍ ജയില്‍ വകുപ്പിന്‍റെ പദ്ധതിയുണ്ട്. 1796 ല്‍ ഹൈദരാബാദ് നൈസാമിന്‍റെ കാലത്ത് പണികഴിപ്പിച്ച മൂന്നേക്കര്‍ വിസ്തൃതിയിലുള്ള ജയില്‍ ഇപ്പോള്‍ മ്യൂസിയമാണ്. ‘ഫീല്‍ ദ ജയില്‍’ എന്ന പേരിലാണ് ഈ പരിപാടി. ഫീസ് 500 രൂപ.
