
ജാർഖണ്ഡിൽ വ്യാപാരിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ മകൾ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. ആദിത്യപുരിലെ വ്യവസായി കനയ്യസിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണ് മകൾ അപർണ (19), കാമുകൻ രാജ്വീർ സിങ് (21) നിഖിൽ ഗുപ്ത, സൗരഭ് കിസ്‌കു എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
മകളുടെ പ്രണയം എതിർത്തതാണ് കൊലപാതകത്തിനു കാരണമെന്നും പ്രതികളായ രണ്ടു പേർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. ജൂൺ 30നാണ് ഹരി ഓം നഗറിലെ അപ്പാർട്ട്മെന്റിൽ വച്ച് കനയ്യസിങ് കൊല്ലപ്പെട്ടത്. വാഹനത്തിലെത്തിയ മൂന്നംഗ സംഘം കനയ്യസിങ്ങിനു നേരേ വെടിയുതിർത്ത ശേഷം രക്ഷപ്പെടുകയായിരുന്നു.
അപർണയും രാജ്വീറും അഞ്ചു വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ ബന്ധത്തെ കനയ്യസിങ് എതിർത്തു. മകളുമായുള്ള അടുപ്പത്തിന്റെ പേരിൽ രാജ്വീറിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് രാജ്വീറും കുടുംബവും മറ്റൊരിടത്തേക്കു താമസം മാറി. ഇതിനിടെ മകൾക്ക് വിവാഹാലോചനകളും കനയ്യസിങ് നടത്തുന്നുണ്ടായിരുന്നു.

വിവാഹാലോചനകൾ തുടങ്ങിയതോടെയാണ് പിതാവിനെ വകവരുത്താൻ അപർണ തീരുമാനിച്ചത്. ഇക്കാര്യം കാമുകനോട് പറഞ്ഞു. കാമുകൻ്റെ സഹായത്തോടെയാണ് നിഖിൽ ഗുപ്ത, രവി സർദാർ, ഛോട്ടു ഡിഗ്ഗി എന്നിവരെ ക്വട്ടേഷൻ ഏൽപ്പിച്ചത്. പണം കണ്ടെത്തുന്നതിനായി അപർണ വജ്രമോതിരവും രാജ്വീർ സിങ്ങിന് നൽകി. രാജ്വീർ ഈ മോതിരം വിൽക്കാതെ തന്നെ പണം കണ്ടെത്തി ക്വട്ടേഷൻ സംഘത്തിനു നൽകി.
കനയ്യ പോകുന്ന സ്ഥലങ്ങളെക്കുറിച്ചെല്ലാം അപർണ ക്വട്ടേഷൻ സംഘത്തിനു വിവരം നൽകിയിരുന്നു. കൊലപാതകത്തിനായി നടത്തിയ ആദ്യനീക്കം പരാജയപ്പെട്ടു. പിന്നീട് അപ്പാർട്ട്‌മെന്റിൽ വച്ചുതന്നെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം പ്രതികൾ പല സ്ഥലത്തായി ഒളിവിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൃത്യം നടത്താൻ ഉപയോഗിച്ച തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. അപർണ നൽകിയ വജ്രമോതിരവും പണവും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.
