
സാന്‍ മരീനോയെ 9-0ന് മുക്കി ബെല്‍ജിയം 2020 യൂറോ കപ്പിനുള്ള യോഗ്യത സ്വന്തമാക്കുന്ന ആദ്യ ടീമായി. ഗ്രൂപ്പ് ഐയിൽ ബെൽജിയത്തിന്റെ ഏഴാം ജയമാണ്. ലുകാക്കു (28, 41 മിനിറ്റുകൾ) ഇരട്ട ഗോൾ നേടി.റൊമേലു ലുകാക്കു 50-ാം രാജ്യാന്തര ഗോൾ നേടിയപ്പോള്‍ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 700 കരിയർ ഗോളുകളിലേക്ക് ഇനി ഒരടി ദൂരം മാത്രം അകലെയാണ്. ലക്സംബർഗിനെതിരായ യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ഒരു ഗോൾ നേടിയ താരം സ്വപ്ന നേട്ടത്തിലേക്കുള്ള ദൂരം കുറച്ചു.
റൊണാൾഡോ തിളങ്ങിയ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ലക്സംബർഗിനെ പോർച്ചുഗൽ പരാജയപ്പെടുത്തി.പതിനാറാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ബെർനാഡോ സിൽവയാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ റൊണാൾഡോയും (65) ഗോൾസാലോ ഗുഡെസും (89) ലക്ഷ്യം കണ്ടതോടെ ലക്സംബർഗിന്റെ പതനം പൂർത്തിയായി.

രാജ്യത്തിനായി റൊണാള്‍ഡോ നേടുന്ന 94 മത്തെ ഗോളാണിത് . 109 അന്താരാഷ്ട്ര ഗോളുകള്‍ ഉള്ള ഇറാന്റെ അലി ദേയി മാത്രമാണ് ഇക്കാര്യത്തില്‍ ക്രിസ്റ്റ്യാനോക്ക് മുന്നില്‍. യൂറോ യോഗ്യതാ മത്സരങ്ങളിൽ ബെൽജിയം, ക്രൊയേഷ്യ, ഹോളണ്ട് തുടങ്ങിയവയും ജയിച്ചുകയറി. ഗ്രൂപ്പ് ഇയിൽ ക്രൊയേഷ്യ 3-0ന് ഹംഗറിയെ കീഴടക്കി. ലൂക്ക മോഡ്രിച്ച് (അഞ്ചാം മിനിറ്റ്), ബ്രൂണോ പെറ്റ്കോവിക് (24, 42 മിനിറ്റുകൾ) എന്നിവരാണ് ക്രൊയേഷ്യയുടെ ഗോൾ നേടിയത്. ജയത്തോടെ ക്രൊയേഷ്യ യോഗ്യതയിലേക്ക് ഒരു ചുവടുകൂടി അടുത്തു.
ഗ്രൂപ്പ് സിയിൽ ഒരു ഗോളിന് പിന്നിൽനിന്നശേഷം അവസാന 15 മിനിറ്റിൽ മൂന്ന് ഗോളടിച്ചാണ് ഹോളണ്ട് 3-1ന് നോർത്തേണ്‍ അയർലൻഡിനെ കീഴടക്കിയത്. മെംഫിസ് ഡീപെ (80, 90+4 മിനിറ്റുകൾ), ഡി ജോംഗ് (90+1-ാം മിനിറ്റ്) എന്നിവരായിരുന്നു ഹോളണ്ടിന്റെ ഗോൾ നേട്ടക്കാർ.
