ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ചരിത്ര വിജയം കൈവരിച്ച സാഹചര്യത്തില്‍ ജമ്മു കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുളളയുടെ വക പ്രതിപക്ഷത്തിന് ട്വീറ്റ്. 2019ന്റെ കാര്യം മറന്നേക്കൂ, ഇനി 2024ലെ പൊതു തെരഞ്ഞെടുപ്പിനേക്കുറിച്ചു ചിന്തിച്ചാല്‍ മതിയെന്നാണ് അദ്ദേഹം തന്റെ ട്വിറ്ററില്‍ പ്രതിപക്ഷത്തിനുള്ള ഉപദേശമായി കുറിച്ചത്. ഇന്ന് പുറത്തുവന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥനത്തിലാണ് ഒമറിന്റെ ഈ പ്രസ്താവന.

2019ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെയും ഭാരതീയ ജനതാപാര്‍ട്ടിയെയും നേരിടാന്‍ പോന്ന ഒരു നേതാവോ പാര്‍ട്ടിയോ ഇന്നു ഭാരതത്തിലുടനീളം ഇല്ലെന്ന് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായ അദ്ദേഹം പറഞ്ഞു. തന്ത്രങ്ങള്‍ മാറ്റിപ്പിടിക്കണമെന്നും, വിമര്‍ശനങ്ങളല്ലാതെ പ്രയോജനപ്രദമായ മറ്റ് വഴികള്‍ തിരയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ നേടിയ തകര്‍പ്പന്‍ വിജയം ബി.ജെ.പിക്ക് എതിരാളികള്‍ ഇല്ലാതാക്കിയിരിക്കുകയാണെന്ന് ഒമര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ മുന്നൂറിലേറെ സീറ്റുകളുമായാണ് ബി.ജെ.പി കുതിക്കുന്നത്. ഉത്തരാഖണ്ഡിലും ബി.ജെ.പി ഭരണത്തിലേറി. നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യു.പി.യില്‍ ബിജെപി ഭരണത്തിലേറുന്നത്.
At this rate we might as well forget 2019 & start planning/hoping for 2024.
— Omar Abdullah (@abdullah_omar) March 11, 2017