2018 റഷ്യന്‍ ലോകകപ്പ് തനിക്ക് മുന്നിലുള്ള അവസാന അവസരമാണെന്ന് ലയണല്‍ മെസ്സി; ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാള്‍; പക്ഷെ, രാജ്യത്തിനുവേണ്ടി ഒരു ലോകകപ്പ് പോലും നേടിക്കൊടുക്കാനായിട്ടില്ല; ചീത്തപ്പേര് മാറികിട്ടുമോ?

  • Post category:news
  • Reading time:1 min read
You are currently viewing 2018 റഷ്യന്‍ ലോകകപ്പ് തനിക്ക് മുന്നിലുള്ള അവസാന അവസരമാണെന്ന് ലയണല്‍ മെസ്സി; ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാള്‍; പക്ഷെ, രാജ്യത്തിനുവേണ്ടി ഒരു ലോകകപ്പ് പോലും നേടിക്കൊടുക്കാനായിട്ടില്ല; ചീത്തപ്പേര് മാറികിട്ടുമോ?

ബ്യൂണസ് ഐറിസ്:  2018 റഷ്യന്‍ ലോകകപ്പ് തനിക്ക് മുന്നിലുള്ള അവസാന അവസരമാണെന്ന് സൂചിപ്പിച്ച് അര്‍ജന്റീനയുടെ ലയണല്‍ മെസ്സി. ഇത്തവണ വിജയിക്കാനായില്ലെങ്കില്‍ തനിക്ക് മുന്നില്‍ മറ്റൊരു അവസരമില്ലെന്ന് താരം ഓര്‍മപ്പെടുത്തുന്നു. പ്രാദേശിക മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലായിരുന്നു മെസ്സി മനസ്സ് തുറന്നത്. റഷ്യന്‍ ലോകകപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് താരം നോക്കിക്കാണുന്നത്. ലോകകപ്പ് ഫൈനലില്‍ കപ്പ് ഉയര്‍ത്തുന്നതാണ് താന്‍ എല്ലായ്‌പ്പോഴും കാണുന്ന സ്വപ്‌നം. ഓരോ തവണ ലോകകപ്പ് അടുത്തെത്തുമ്പോഴും ആ വികാരം കൂടുതല്‍ ശക്തിപ്പെടുകയാണ്. 2014 പോലെ മികച്ച ലോകകപ്പായിരിക്കും ഇത്തവണത്തേതെന്നാണ് തന്റെ പ്രതീക്ഷ. അത് രാജ്യത്തിന് ഒരിക്കലും മറക്കാനാകാത്ത ഓര്‍മയാണ്. പക്ഷെ ഇത്തവണ ഞങ്ങള്‍ ലോകകപ്പ് ഉയര്‍ത്തും. ജയിക്കുക എളുപ്പമുള്ള ഒന്നല്ല, അത് എല്ലായ്‌പ്പോഴും സംഭവിക്കുകയും ഇല്ല. അവസാന വട്ടം ഞങ്ങള്‍ എല്ലാം നന്നായി തന്നെ ചെയ്തു. പക്ഷെ കിരീടം ഞങ്ങള്‍ക്കൊപ്പമായിരുന്നില്ല.

ലോകത്തിന്‍റെ പലഭാഗത്തുമുള്ള ആരാധകര്‍ അര്‍ജന്റീന ചാമ്പ്യന്മാരാകാന്‍ വേണ്ടി കാത്തിരിക്കുന്നവരാണ്. അത് തന്നെയാണ് തന്റെയും ആഗ്രഹവും. രാജ്യത്തിനുവേണ്ടി കപ്പുയര്‍ത്തുന്നതില്‍ ഏറെ ആകാംക്ഷയിലാണ് താന്‍. ദൈവം അതിന് ഞങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷയും, മെസ്സി പറഞ്ഞു.

2014 ലോകകപ്പില്‍ ജര്‍മനിയോടേറ്റ പരാജയം ഇന്നും നീറുന്ന ഓര്‍മയാണെന്ന് താരം വെളിപ്പെടുത്തി. ലോകകപ്പ് വിജയിക്കുക എന്നത് എത്രത്തോളം വെല്ലുവിളിയുയര്‍ത്തുന്നതാണെന്ന് ഞങ്ങള്‍ക്കറിയാം. ലോകകപ്പില്‍ മുത്തമിടുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ് പക്ഷെ ഞങ്ങള്‍ അതിന് തൊട്ടരികില്‍ വരെ എത്തിയിരുന്നു. ഫുട്‌ബോള്‍ അത്ഭുതപ്പെടുത്തുന്ന കളിയാണ്. മികച്ച ടീം തന്നെ എല്ലായ്‌പ്പോഴും വിജയിക്കണമെന്നില്ല. അത് ഞാന്‍ തിരിച്ചറിഞ്ഞ സത്യമാണ്. 2014 ലോകകപ്പ് ഞങ്ങള്‍ക്കവകാശപ്പെട്ടതായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തൊട്ടരികില്‍ നിന്നാണ് കിരീടം അകന്നുപോയത്, അത് ഏറെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു, താരം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളായി പരിഗണിക്കുമ്പോഴും രാജ്യത്തിനുവേണ്ടി ഒരു ലോകകപ്പ് പോലും നേടിക്കൊടുക്കാനായിട്ടില്ലെന്ന ചീത്തപ്പേര് മെസ്സിയെ ഇന്നും പിന്തുടരുന്നുണ്ട്. 1986 ന് ശേഷം ഒരു ലോകകപ്പും വിജയിക്കാന്‍ അര്‍ജന്റീനയ്ക്കായിട്ടില്ല.

0Shares