
2016-ന്ശേഷം രാഷ്ട്രീയ പാർട്ടികൾക്കായി ലഭിച്ച സംഭാവനകളുടെ 93 ശതമാനവും സ്വന്തമാക്കിയത് ബി.ജെപി. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) രേഖകൾ പരിശോധിച്ചു നടത്തിയ വിലയിരുത്തലിലാണ് വിവരങ്ങൾ പുറത്തുവരുന്നത്.2016-17, 2017-18 സാമ്പത്തിക വർഷത്തിൽ ആറു പാർട്ടികൾക്ക് ആകെ സംഭാവന ലഭിച്ച 985 കോടി രൂപയിൽ 915 കോടിയും ബി.ജെ.പിയുടെ അക്കൗണ്ടിലേക്കാണ് എത്തിയത്.

ഇതിൽതന്നെ 405 കോടി ഒരു ട്രസ്റ്റിൽനിന്നു മാത്രമാണ് എത്തിയത്. ബി.ജെ.പി, കോണ്‍ഗ്രസ്, എൻ.സി.പി, സി.പി.ഐ, സി.പി.എം, തൃണമൂൽ കോണ്‍ഗ്രസ് എന്നീ പാർട്ടികളുടെ സംഭാവനകളാണ് വിലയിരുത്തിയത്. ദേശീയ പാർട്ടിയാണെങ്കിലും ബി.എസ്പിയെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇക്കാലയളവിൽ ബി.എസ്പിക്ക് ആരും 20000 രൂപയിൽ അധികം സംഭാവന നൽകിയിട്ടില്ല. 1,731 കോർപറേറ്റുകളുടെ കൈയിൽനിന്നാണു ബി.ജെ.പിക്ക് ഇത്രയും തുക സംഭാവനയായി ലഭിച്ചത്. 151 കോർപറേറ്റുകളുടെ പക്കൽനിന്നു കോണ്‍ഗ്രസിനു ലഭിച്ചത് 55.36 കോടി രൂപ മാത്രമാണ്.
എൻ.സി.പിക്ക് 7.73 കോടിയും, സി.പി.എമ്മിന് 4.42 കോടിയും തൃണമൂലിന് 2.03 കോടിയും സി.പി.ഐക്ക് 0.04 കോടിയുമാണു ലഭിച്ചത്. 20,000-ൽ കൂടുതൽ സംഭാവന നൽകുന്നവരുടെ പൂർണ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറണമെന്നു നിർദേശമുണ്ടെങ്കിലും പാൻ വിവരങ്ങളും ദാതാക്കളുടെ വിലാസവും നോക്കാതെയാണ് സംഭാവനകൾ ശേഖരിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. 2014-05 സാമ്പത്തിക വർഷത്തിനും 2011-12 സാമ്പത്തിക വർഷത്തിനും ഇടയിൽ 382 കോടി രൂപയാണ് രാഷ്ട്രീയ പാർട്ടികൾക്കു സംഭാവനയായി ലഭിച്ചത്.
ഇതിൽ 87 ശതമാനവും വെളിപ്പെടുത്തിയ ഉറവിടങ്ങളിൽനിന്നായിരുന്നെന്ന് എ.ഡി.ആർ അന്വേഷണത്തിൽ വ്യക്തമായി. 2012-13 സാമ്പത്തിക വർഷത്തിനും 2015-16 സാമ്പത്തിക വർഷത്തിനും ഇടയിൽ 956 കോടി രൂപ നൽകിയ കോർപറേറ്റ് ഹൗസുകൾക്കും രേഖകളും വിലാസവുമുണ്ടായിരുന്നു.
