
ലോകത്തെ മികച്ച 300 യൂണിവേഴ്സിറ്റികളുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് ഒരു യൂണിവേഴ്സിറ്റി പോലും ഇടംപിടിച്ചില്ല. 2012-ന് ശേഷം ആദ്യമാണിത്. ബ്രിട്ടൻ ആസ്ഥാനമാക്കിയ ടൈംസ് ഹയർ എജ്യൂക്കേഷനാണ് പട്ടിക തയാറാക്കിയത്.ഇന്ത്യയിലെ യൂണിവേഴ്സിറ്റികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ 20 യൂണിവേഴ്സിറ്റികളെ പ്രത്യേകം തെരഞ്ഞെടുപ്പ് പരിഗണന നൽകി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇതു ഫലംകണ്ടില്ലെന്നു മാത്രമല്ല, തിരിച്ചടിച്ചെന്നു കൂടിയാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ ഇതുവരെ മുൻപന്തിയിൽ നിന്നിരുന്ന ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് 50 സ്ഥാനം പിന്നിലേക്കു പോയി. ഇപ്പോൾ 301-350 റാങ്കുകൾക്കിടെയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനു സ്ഥാനം. ഇതിനു തൊട്ടുപിന്നിലുണ്ടായിരുന്ന ഐ.ഐ.ടി റോപർ, ഐ.ഐ.ടി ഇൻഡോർ എന്നീ സ്ഥാപനങ്ങൾ ഏറെ പിന്നിലേക്കു പോയി.
മുംബൈ, ഡൽഹി, ഖരഗ്പുർ ഐ.ഐ.ടികൾ നാനൂറിനും അഞ്ഞൂറിനും ഇടയിലെ റാങ്കുകളിലാണ്. ആഗോളതലത്തിൽ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയാണ് റാങ്കിംഗിൽ മുന്നിൽനിൽക്കുന്നത്. കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയും ആദ്യ അഞ്ചിൽ ഇടംപിടിച്ചു.
