2004ല്‍ 59 സീറ്റുകള്‍ സ്വന്തമാക്കിയ ഇടതുപക്ഷ പാര്‍ട്ടികള്‍ ഈ തെരഞ്ഞെടുപ്പില്‍ സഖ്യങ്ങള്‍ രൂപീകരിക്കാന്‍ കഴിയാതെ പ്രതിസന്ധി നേരിടുമ്പോള്‍

  • Post category:news
  • Reading time:1 min read
You are currently viewing 2004ല്‍ 59 സീറ്റുകള്‍ സ്വന്തമാക്കിയ ഇടതുപക്ഷ പാര്‍ട്ടികള്‍ ഈ തെരഞ്ഞെടുപ്പില്‍ സഖ്യങ്ങള്‍ രൂപീകരിക്കാന്‍ കഴിയാതെ പ്രതിസന്ധി നേരിടുമ്പോള്‍

 

നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സഖ്യം രൂപപ്പെടുത്താന്‍ കഴിയാതെ രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രതിസന്ധി നേരിടുന്നു. 2004ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികളെല്ലാവരും ചേര്‍ന്ന് 59 സീറ്റുകളാണ് കരസ്ഥമാക്കിയത്. പക്ഷെ ഇപ്പോള്‍ മത്സരിക്കാന്‍ തീരുമാനിച്ച വിരലിലെണ്ണാവുന്ന സീറ്റില്‍ പോലും മറ്റ് പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ദേശീയ രാഷ്ട്രീയത്തില്‍ കാണാന്‍ കഴിയുന്നത്. അതില്‍ തന്നെ രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിയായ സി.പി.എം കോണ്‍ഗ്രസുമായി പശ്ചിമ ബംഗാളില്‍ സഖ്യം രൂപികരിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് വലിയ തിരിച്ചടിയാണ് ബംഗാളില്‍ പാര്‍ട്ടിക്ക് ഉണ്ടായിരിക്കുന്നത്. അവിടെ ഇപ്പോള്‍ സി.പി.എം ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

ബിഹാറിലാകട്ടെ രാഷ്ട്രീയ ജനതാദള്‍ ഒരു സീറ്റുപോലും സി.പി.എമ്മിന് തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നതിനായി നല്‍കിയില്ല. മഹാരാഷ്ട്രയില്‍ വലിയ തോതില്‍ കര്‍ഷകറാലികള്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും ദിന്തോരി ലോക്‌സഭ മണ്ഡലം ഇടതുപക്ഷത്തിന് നല്‍കാന്‍ എന്‍.സി.പി തയ്യാറായിട്ടില്ല. സഖ്യ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു എന്‍.സി.പി ഏകപക്ഷീയമായി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

അതേപോലെ തന്നെ സി.പി.ഐ ബിഹാറില്‍ ആര്‍.ജെ.ഡി നയിക്കുന്ന മഹാസഖ്യത്തിന്‍റെ ഭാഗമായി ഒരു സീറ്റ് പ്രതീക്ഷിച്ചിരുന്നു. പക്ഷെ അവസാന നിമിഷം സി.പി.ഐയ്ക്ക് ആ സീറ്റ് നഷ്ടപ്പെടുകയായിരുന്നു. ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ നയിക്കുന്ന ജാര്‍ഗണ്ഡ് മുക്തി മോര്‍ച്ച ഹസരിബാഗിലെ സിറ്റ് ഇടതിന് നല്‍കുമെന്ന് കരുതിയിരുന്നെങ്കിലും അവസാനം നല്‍കാന്‍ തയ്യാറായില്ല. കൂട്ടത്തില്‍ കോണ്‍ഗ്രസും അവിടെ ഇടതുപക്ഷത്തെ കൈവെടിഞ്ഞു.

രാജ്യത്തെ ഇടതുപക്ഷത്തിന്‍റെ തകര്‍ച്ചയല്ല തന്നെ അദ്ഭുതപ്പെടുത്തുന്നതെന്നും പകരം സോവിയേറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്ക് ശേഷം 25 വര്‍ഷം കഴിഞ്ഞിട്ടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്‍റെ ശൈശവ ഘട്ടത്തില്‍ നില്‍ക്കുന്നു എന്നുള്ളതാണെന്ന് മുന്‍ ആംആദ്മി നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ഇന്ത്യയില്‍ മാര്‍ക്കറ്റ് ഇക്കണോമിയും മണ്ഡല്‍- മന്ദിര്‍ നീക്കങ്ങളും ഇടതുപക്ഷത്തിന്‍റെ മരണം നേരത്തെ സംഭവിപ്പിക്കുമായിരുന്നു എങ്കിലും അത് സംഭവിച്ചില്ല. രാജ്യത്ത് ജനാധിപത്യത്തില്‍ ഒരു ശക്തിയായി ഇടതുപക്ഷം നമുക്ക് ആവശ്യമാണ്. പക്ഷെ ഇടതുപക്ഷത്തിന് അതിന്‍റെ കര്‍ത്തവ്യം ഇന്ന് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.

0Shares