
വാരണസി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി യു.പിയിലെ വരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 2.51 കോടിയുടെ ആസ്തിയുണ്ടെന്നാണ് മോഡി നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 1.41 കോടിയുടെ ജംഗമസ്വത്തും 1.1 കോടിയുടെ സ്ഥാവര സ്വത്തും അടങ്ങിയതാണ് ആസ്തി. 1978-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎ ബിരുദവും 1983-ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്ന് ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

അവസാന സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ വരുമാനം 19.92 ലക്ഷം രൂപയായിരുന്നു. 2017- സാമ്പത്തിക വര്‍ഷത്തില്‍ 14.59 ലക്ഷം, 2016-ല്‍ 19.23 ലക്ഷം, 2015-ല്‍ 8.58 ലക്ഷം, 2014-ല്‍ 9.69 ലക്ഷം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വരുമാനം. ശമ്പളവും നിക്ഷേപത്തില്‍ നിന്നുള്ള പലിശയുമാണ് അദ്ദേഹത്തിന്റെ പ്രധാന വരുമാന മാര്‍ഗം.
38,750 രൂപയാണ് കൈയില്‍ പണമായുള്ളത്. 4143 രൂപ ബാങ്ക് അക്കൗണ്ടിലുണ്ട്. എസ്.ബി.ഐയില്‍ ഫിക്സഡ് നിക്ഷേപമായി 1.27 കോടി രൂപയുണ്ട്. കൂടാതെ 20000 രൂപയുടെ ബോണ്ടും എന്‍.എസ്.സി (നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്) യില്‍ 7.61 ലക്ഷം രൂപയുമുണ്ട്. 1.90 ലക്ഷം രൂപയുടെ രണ്ട് ഇന്‍ഷൂറന്‍സ് പോളിസിയാണ് മോദിക്കുള്ളത്. 1.13 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങ്ങള്‍ അദ്ദേഹത്തിനുണ്ട്. സ്വന്തമായി ഭൂമിയോ വാണിജ്യ കെട്ടിടങ്ങളോ ഉള്ളതായി സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടില്ല.
