തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂർ, കാസർകോട് ജില്ലകളിലെ 19 വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ല

  • Post category:local news / news
  • Reading time:1 min read
You are currently viewing തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂർ, കാസർകോട് ജില്ലകളിലെ 19 വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ല

സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയം പൂർത്തിയായപ്പോൾ കണ്ണൂർ, കാസർകോട് ജില്ലകളിലെ 19 വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ല. ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ഒന്നര ലക്ഷത്തിലേറെ സ്ഥാനാർത്ഥികൾ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും, കോർപറേഷനുകളിലുമായി ജനവിധി തേടും. ഗ്രാമപഞ്ചായത്തുകളിലേക്ക് ഒരു ലക്ഷത്തി പതിമൂവായിരം പത്രികകളും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പതിനൊന്നായിരത്തിലേറെ പത്രികകളും ജില്ലാ പഞ്ചായത്തുകളിലേക്ക് ആയിരത്തി എണ്ണൂറിലേറെ പത്രികകളും കിട്ടി.

19,526 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 3,758 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു. കണ്ണൂർ അന്തൂർ നഗരസഭയിലെ ആറ് വാർഡുകളിൽ എൽ.ഡി.എഫിന് എതിരില്ല. മൊറാഴ, കാങ്കൂൽ, കോൾമൊട്ട, നണിച്ചേരി, ആന്തൂർ, ഒഴക്രോം വാർഡുകളിലാണ് സി.പി.എം മാത്രം നാമനിർദ്ദേശ പത്രിക നൽകിയത്.

ആന്തൂരിൽ കഴിഞ്ഞ തവണ 14 ഇടത്ത് എതിരാളികളില്ലാതെ എൽ.ഡി.എഫ് ജയിച്ചിരുന്നു. കണ്ണൂർ മലപ്പട്ടം പഞ്ചായത്തിൽ അ‍ഞ്ചിടത്തും എൽ.ഡി.എഫിന് എതിർ സ്ഥാനാർത്ഥികൾ പത്രിക നൽകിയില്ല. അടുവാപ്പുറം നോർത്ത്, കരിമ്പിൽ, മലപ്പട്ടം ഈസ്റ്റ്, മലപ്പട്ടം വെസ്റ്റ്, കോവുന്തല വാർഡുകളിലാണിത്. കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിൽ രണ്ട് വാർഡുകളിലും കയ്യൂർ ചീമേനി പഞ്ചായത്തിലെ ഒരു വാർഡിലും ഇടത് സ്ഥാനാർത്ഥികൾ മാത്രം.

കോട്ടയം മലബാർ പ‌ഞ്ചായത്തിലെ മൂന്നാം വാർഡിലും തളിപ്പറമ്പ് നഗരസഭയിലെ കൂവോഡ് വാർഡിലും സി.പി.എം സ്ഥാനാർത്ഥികൾ മാത്രമാണ് പത്രിക നൽകിയത്. കാസർകോട് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ മൂന്ന് സീറ്റിലും ഇടതിന് എതിരില്ല. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 23 നാണ്.

0Shares