
യു.പിയിലെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് 1800 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നതെന്ന് ശ്രീ റാം ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് രൂപീകരിച്ച ട്രസ്റ്റാണിത്.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഫൈസാബാദ് സര്‍ക്യൂട്ട് ഹൗസില്‍ ട്രസ്റ്റ് അംഗങ്ങള്‍ യോഗം ചേര്‍ന്നിരുന്നു.വിദഗ്ധര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചെലവ് കണക്കാക്കിയതെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു.

ട്രസ്റ്റുമായിബന്ധപ്പെട്ട എല്ലാവരുടെയും നിര്‍ദേശങ്ങള്‍ പരിഗണിച്ച് ചര്‍ച്ചയിലൂടെ ട്രസ്റ്റിൻ്റെ നിയമങ്ങള്‍ക്കും ഉപനിയമങ്ങള്‍ക്കും യോഗത്തില്‍ അന്തിമരൂപം നല്‍കിയതായി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു. ക്ഷേത്ര അങ്കണത്തില്‍ പ്രമുഖ ഹിന്ദു ദാര്‍ശികരുടെയും രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളുടെയും വിഗ്രഹങ്ങള്‍ സ്ഥാപിക്കാനും ട്രസ്റ്റ് അംഗങ്ങള്‍ തീരുമാനിച്ചു.
15 ട്രസ്റ്റ് അംഗങ്ങളില്‍ 14 പേരും യോഗത്തില്‍ പങ്കെടുത്തതായി റായ് പറഞ്ഞു. 2023 ഡിസംബറോടെ ക്ഷേത്രത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും 2024 ജനുവരിയിലെ മകരസംക്രാന്തി ഉത്സവത്തോടെ ശ്രീരാമ പ്രതിഷ്ഠ നടത്താനാകുമെന്നും റായ് പറഞ്ഞു.
